കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് കൂടുതൽ കൊവിഡ് 19 പരിശോധനാ ഫലങ്ങൾ ലഭിക്കും. കഴിഞ്ഞ ദിവസങ്ങളിൽ നൽകിയ 124 പരിശോധനാ ഫലങ്ങളാണ് ലഭിക്കാനുള്ളത്. ഇന്നലെ ജില്ലയിൽ നിന്നും 97 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലഭിച്ച 92 പരിശോധനാ ഫലങ്ങളിൽ രണ്ടെണ്ണം പോസിറ്റീവ് ആയതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം പത്തായി. അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും എത്തി നിരീക്ഷണത്തിൽ കഴിയുന്നവരുടെ പരിശോധനാ ഫലം ഉൾപ്പെടെ ഇനി ലഭിക്കാനുണ്ട്. പുതുക്കിയ മാനദണ്ഡ പ്രകാരമുള്ള സെന്റിനൽ സർവൈലൻസ് പ്രോഗ്രാമിന്റെ ഭാഗമായി ഡെസിഗ്‌നേറ്റെഡ് മൊബൈൽ കളക്ഷൻ ടീം (ഡിഎംസിടി) കൊവിഡ് കെയർ സെന്ററുകളിൽ നിന്ന് 30 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
9 പേർ കളമശേരി മെഡിക്കൽ കോളജിലും ഒരാൾ ആലുവയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇവരിൽ 4 പേരാണ് എറണാകുളം സ്വദേശികൾ. പാലക്കാട് (2), മലപ്പുറം, തൃശൂർ, കൊല്ലം (1) എന്നിവരാണ് മറ്റു ജില്ലക്കാർ. ഉത്തർപ്രദേശിലെ ലക്‌നൗവിൽ നിന്നുള്ള ഒരാളും ചികിത്സയിലുണ്ട്. 18 നുള്ള അബുദാബി- കൊച്ചി വിമാനത്തിലെത്തിയ എറണാകുളം സ്വദേശിക്കാണ് (38) ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജ് ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്നു. ഇതേ വിമാനത്തിലെത്തിയ തൃശൂർ ചൂണ്ടൽ സ്വദേശിക്കും (47) ഇന്നലെ രോഗം സ്ഥിരീകരിച്ചു. വിമാനത്താവളത്തിൽ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇയാളും മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലായിരുന്നു. ചികിത്സയിൽ ഉള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
670 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 638 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 4754 ആയി. ഇതിൽ 84 പേർ ഹൈറിസ്‌ക്ക് വിഭാഗത്തിലും 4670 പേർ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.