oyo

ന്യൂഡൽഹി: കൊറോണക്കാലത്ത് ഉണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാന്‍ പുത്തൻ ആശയങ്ങൾ ആലോചിക്കുകയാണ് സംരംഭകർ.വ്യത്യസ്തമായ ഒരു ആശയമാണ് ഓയോ റൂംസ് സ്ഥാപകൻ കണ്ടുപിടിച്ചിരിക്കുന്നത്.അതിഥികളെ സ്വീകരിക്കാനും മറ്റുമായി ഓയോ റൂംസില്‍ റോബോട്ടുകള്‍ നിറഞ്ഞാല്‍ എങ്ങനെയുണ്ടാകും? ഓയോ റൂംസ് സ്ഥാപകനായ റിതേഷ് അഗര്‍വാൾ കാണുന്ന സ്വപ്നമാണിത്.ഇത് സ്വപ്നമായിട്ടാണ് റിതേഷ് പങ്കുവച്ചതെങ്കിലും ഹോസ്പിറ്റാലിറ്റി മേഖലയില്‍ കാര്യങ്ങള്‍ പഴയ രീതിയില്‍ ആകുമ്പോള്‍ തികച്ചും യാഥാര്‍ത്ഥ്യമാകാവുന്ന മാറ്റങ്ങളില്‍ ഒന്നാണിത്.

എന്നാല്‍ ട്രാവല്‍ മേഖലയില്‍ സ്ഥിതിഗതികള്‍ പഴയ പടി ആകാന്‍ എത്ര നാള്‍ വേണ്ടി വരുമെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. കൊറോണക്കാലത്തിന് ശേഷം സമ്പൂര്‍ണമായ മാറ്റം എല്ലാ മേഖലകളിലും ഉണ്ടാകും. ലോകമെമ്പാടുമുള്ള എയര്‍ലൈനുകള്‍ക്ക് ഇനി ഈ ഘട്ടം കഴിയുന്നതു വരെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി സാമൂഹ്യ അകലം പാലിച്ചു മാത്രമേ സര്‍വീസുകള്‍ നടത്താനാകൂ.ഇത് വിമാന ടിക്കറ്റ് വര്‍ദ്ധനയ്ക്കും വഴിവയ്ക്കും.

രാജ്യാന്തര മേഖലകളില്‍ യാത്രക്കാര്‍ കുറയും. ഇത് ടൂറിസത്തെയും ബാധിക്കും.കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയും വരുമാനത്തിലെ ഇടിവും ഒക്കെ കാരണം ലോകമെമ്പാടുമുള്ള ജീവനക്കാരില്‍ നിന്ന് നല്ലൊരു വിഭാഗത്തെ ഓയോ റൂംസും കുറച്ചിരുന്നു. അതുകൊണ്ടു തന്നെ ഇനി കൊറോണയ്ക്കു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായ ഓയോ റൂംസിനും നിര്‍ണായകമാണ്.