തിരുപ്പൂർ: കൊവിഡ് വൈറസ് വ്യാപനം ആഗോളവിപണിയെ തന്നെ പിടിച്ചുലയ്ക്കുന്ന പശ്ചാത്തലത്തിൽ വിവിധ ഉത്പാദകർ വ്യാപാരത്തിൽ പുത്തൻ പരീക്ഷണങ്ങളാണ് നടത്തുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് വിൽപന കുത്തനെ താഴ്ന്നതോടെ ടെക്‌സ്‌റ്റൈൽ നഗരമായ തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ ഉത്പാദകർ പുത്തൻ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ബനിയനടക്കമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾ നിർമ്മിക്കുന്ന തിരുപ്പൂരിലെ ഉത്പാദകർ പുത്തൻ ഡിസൈനിലുള്ള മികച്ച തുണി മാസ്‌കുകളാണ് ഇപ്പോൾ തയ്യാറാക്കുന്നത്. മാസ്‌കുകൾ തുന്നുക മാത്രമല്ല, ഇവ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കാനും തുടങ്ങിയിരിക്കുകയാണ്.
പരുത്തി, പട്ട്, കമ്പിളി എന്നിവകൊണ്ട് നിർമ്മിച്ച ശസ്ത്രക്രിയേതര, മെഡിക്കൽ ഇതര മാസ്‌കുകൾ കയറ്റുമതി ചെയ്യാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് തിരുപ്പൂരിലെ ടെക്‌സ്‌റ്റൈൽ വ്യവസായ അസോസിയേഷനുകൾ നേരത്തെ കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇതിന് അനുമതി ലഭിച്ചതോടെ പുതിയ ഡിസൈനിലുള്ള ആകർഷണീയമായ മാസ്‌കുകൾ നിർമ്മിക്കാൻ ടെക്‌സ്‌റ്റൈൽ വ്യവസായ സംഘടനകളായ തിരുപ്പൂർ എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷനും (ടീ) ഇന്ത്യൻ ടെക്‌സ്പ്രീനിയേഴ്‌സ് ഫെഡറേഷനും (ഐടിഎഫ്) നിർമ്മാതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. ലോകമെമ്പാടും 300 കോടി രൂപ വിലവരുന്ന തുണി മാസ്‌കുകൾക്ക് അടിയന്തരമായി ആവശ്യമുണ്ടെന്നാണ് റിപ്പോർട്ട് ലഭിച്ചത്.
ഒരു മാസ്‌കിന് ഏഴ് മുതൽ 15 രൂപ വരെയാണ് നിർമാണച്ചെലവ്. ഇവയിൽ ലാഭം ചേർത്താണ് കയറ്റുമതി ചെയ്യുക. സ്വാഭാവിക പരുത്തി ഉപയോഗിച്ച് നിർമ്മിച്ച മാസ്‌കുകൾക്ക് വിദേശരാജ്യങ്ങളിൽ ആവശ്യക്കാർ ഏറെയാണ്. ഓരോ യൂറോപ്യൻ രാജ്യത്തും പ്രതിമാസം 15 കോടി മാസ്‌ക് ആവശ്യമുണ്ടെന്നാണ് കണക്ക്.