വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വർദ്ധിച്ചുവരുന്ന കോവിഡ് 19 കേസുകളുടെ എണ്ണം ചെന്നൈയിലെ കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ടിരിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. 12 മുതൽ ആന്ധ്രയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ ഇത്തരം കേസുകൾ ഗണ്യമായുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 68 പുതിയ കേസുകളിൽ 10 എണ്ണം കോയമ്പേട് ക്ലസ്റ്ററുമായി ബന്ധപ്പെട്ടുള്ളതാണ്. ഇത് കൊവിഡ് വ്യാപന സാദ്ധ്യത വർദ്ധിപ്പിച്ചു. ഇതോടെ ഇത്തരം കേസുകളുടെ എണ്ണം 155 ആയി ഉയർന്നു.
12 ന് ആന്ധ്രാപ്രദേശിലെ പുതിയ 33 കേസുകളിൽ 20 എണ്ണം കോയമ്പേടുമായി ബന്ധപ്പെട്ടതായിരുന്നു. 14 ന് 36 ൽ 21 ആയിരുന്നു കേസുകൾ. 15 ന് 57 ൽ 28, 16 ന് 48 ൽ 31; 52 ൽ 19 ഉം 18 ന് കോയമ്പേടുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തു.
ആന്ധ്രാപ്രദേശിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ജില്ലയായ ചിറ്റൂരിൽ 74 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ 40 ഓളം പേർ കോയമ്പേടിൽ നിന്ന് മടങ്ങിയെത്തിയവരാണ്. ബാക്കിയുള്ളവർ അവരുടെ പ്രാഥമിക, ദ്വിതീയ സമ്പർക്കപ്പട്ടികയിൽ ഉള്ളവരാണ്.
തിരിച്ചെത്തിയവരെല്ലാം ആന്ധ്രയിലെ കർഷകരിൽ നിന്ന് വാങ്ങുകയും കോയമ്പേട് മാർക്കറ്റിൽ വിൽക്കുകയും ചെയ്യുന്ന പച്ചക്കറി, പൂക്കളുടെ മൊത്തക്കച്ചവടക്കാരാണെന്ന് ചിറ്റൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം പെഞ്ചുലിയ പറഞ്ഞു. കേസുകൾ വർദ്ധിച്ചതോടെ 22,000 ത്തിലധികം ടെസ്റ്റുകൾ ചിറ്റൂരിൽ നടത്തിയിട്ടുണ്ട്. പ്രാഥമിക, ദ്വിതീയ സമ്പർക്കപ്പട്ടിക കണ്ടെത്താൻ ഉദ്യോഗസ്ഥർ പാടുപെടുകയാണ്. കോയമ്പേ ടുമായി ബന്ധപ്പെട്ട കേസുകൾ 11 ന് ആദ്യമായി ചിറ്റൂരിൽ റിപ്പോർട്ട് ചെയ്തു. ഒരാഴ്ച മുമ്പ് ചെന്നൈയിൽ നിന്ന് മടങ്ങിയെത്തിയ എട്ട് പച്ചക്കറി മൊത്തക്കച്ചവടക്കാർ കമ്മ്യൂണിറ്റി പരിശോധനയ്ക്കിടെ പോസിറ്റീവാണെന്ന് കണ്ടെത്തി. അടുത്ത ഒമ്പത് ദിവസത്തിനുള്ളിൽ 66 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.
ചിറ്റൂർ, നെല്ലൂർ, വെസ്റ്റ് ഗോദാവരി, ഈസ്റ്റ് ഗോദാവരി, കടപ്പ, കർനൂൾ, അനന്തപുർ, വിശാഖപട്ടണം ജില്ലകളിൽ നിന്ന് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോയമ്പേ ടുമായി ബന്ധപ്പെട്ട 40 കേസുകൾ നെല്ലൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പച്ചക്കറികൾ അവശ്യവസ്തുക്കളായതിനാൽ പച്ചക്കറി വിൽപ്പനക്കാരുടെ വരവ് നിയന്ത്രിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഏതാനും ആഴ്ചകൾക്കുമുമ്പ് അവർ ചെന്നൈയിലേക്ക് പോയിരുന്നു. ഇവർ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുൻകരുതലുകൾ അവർ സ്വീകരിച്ചില്ല. ഇവിടത്തെ കർഷകരിൽ നിന്ന് പച്ചക്കറികൾ വാങ്ങാൻ ചെന്നൈയിലെ മൊത്തക്കച്ചവട കേ ന്ദ്രങ്ങളിൽ എത്തുമ്പോൾ മുൻകരുതലുകൾ എടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.