കോലഞ്ചേരി:ജില്ലാ പഞ്ചായത്ത് സൗജന്യമായി നൽകുന്ന മരുന്നുകളുടെ വിതരണോദ്ഘാടനം ഐരാപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി നിർവഹിച്ചു. കൊവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ദുരിതം അനുഭവിക്കുന്ന ഡയാലിസിസ് രോഗികൾക്ക് ഓരോ ഡയാലിസിസിനും 900 രൂപ അനുവദിക്കുന്ന പദ്ധതിയുമുണ്ട്. ഗ്രാമ പഞ്ചായത്ത് അതിർത്തിയിൽ താമസിക്കുന്ന എല്ലാ ഡയാലിസിസ് രോഗികൾക്കും ഓരോ ഡയാലിസിസിനും 900 രൂപ സൗജന്യമായി ബന്ധപ്പെട്ട ആശുപത്രിയ്ക്ക് ജില്ലാ പഞ്ചായത്ത് നൽകും. ലോക്ക് ഡൗൺ നീട്ടിയതിനെ തുടർന്ന് പദ്ധതി 31 വരെ നീട്ടി. കൂടാതെ ഡയാലിസിസ്, കാൻസർ, മറ്റ് മാരക രോഗങ്ങൾ എന്നിവ ബാധിച്ചിട്ടുള്ള രോഗികൾക്ക് ആവശ്യാനുസരണം സൗജന്യമായി മരുന്നുകൾ നൽകുന്ന പദ്ധതിയും നടപ്പിലാക്കിവരികയാണ്. ചടങ്ങിൽ മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നളിനി മോഹനൻ, പഞ്ചായത്തംഗം വിജയലക്ഷ്മി, ഡോ. ശ്രീലേഖ ദിവാകർ, ഹെൽത്ത് ഇൻസ്‌പെക്ടർ അജിത തുടങ്ങിയവർ പങ്കെടുത്തു.