മൂവാറ്റുപുഴ: തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം ഫിസിക്സ് അദ്ധ്യാപകനായ ജോർജ് കെ.ജേക്കബ്ബ് മുപ്പത്തിയൊന്ന് വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടി ഇറങ്ങുമ്പോൾ കൊവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്യ്തു.സ്കൂൾ മാനേജർ ടി.എസ് അമീറുമായി കൂടിയാലോചിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
ഇതിനാവശ്യമായ തുക സ്കൂളിലെ നാഷണൽ സർവീസ് സ്കീമിലെ വോളണ്ടിയർമാർക്ക് കൈമാറുകയും ചെയ്തു. കിറ്റുകളുടെ വിതരണോദ്ഘാടനം ഡീൻ കുര്യക്കോസ് എം.പി എൻ.എസ്.എസ് വോളണ്ടിയറായ ഉസ്മാൻ തങ്ങൾക്കു നൽകി നിർവഹിച്ചു. ചടങ്ങിൽ ജോർജ് കെ.ജേക്കബ്ബ് , പ്രിൻസിപ്പൽ ജൂലി ഇട്ടിയേക്കാട്ട്, പി.ടി.എ പ്രസിഡൻറ് കബീർ പൂക്കടശ്ശേരി, ജെൻസ് മാത്യു മാസ്റ്റർ എന്നിവർ സംബന്ധിച്ചു. കിറ്റുകൾ വരും ദിവസങ്ങളിൽഎൻ.എസ്.എസ് വോളണ്ടിയർമാർ അർഹതപ്പെട്ട കുട്ടികളുടെ വീടുകളിൽ എത്തിക്കും. പരസ്പരം ഉണ്ടാവേണ്ട കരുതലിന്റെ പാഠം മനുഷ്യത്വത്തിന്റെ പ്രാഥമിക പാഠമായി തീരട്ടെയെന്ന് മാഷ് പറഞ്ഞു.