ola

ന്യൂഡൽഹി: കൊവിഡ് വൈറസ് ബാധയെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാരണം കഴിഞ്ഞരണ്ടുമാസത്തിനിടെ വരുമാനം 95 ശതമാനം കുറഞ്ഞതായി ഓൺലൈൻ ടാക്‌സി സർവ്വീസ് പ്ലാറ്റ്‌ഫോമായ ഓല. ഇതേതുടർന്ന് കമ്പനിയിലെ 1,400 ജീവനക്കാരെ പിരിച്ചുവിടുന്നതായും ഓല അറിയിച്ചു. ജീവനക്കാർക്ക് അയച്ച മെയിലിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ സ്റ്റാർട്ടപ്പിന്റെ വരുമാനം 95 ശതമാനം കുറഞ്ഞിരിക്കുകയാണെന്നും ബിസിനസിന്റെ പ്രവർത്തനം ഇപ്പോൾ അനിശ്ചിതത്വത്തിലാണെന്നും ഓല സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു. വൈറസിന്റെ വ്യാപനം മൂലമുള്ള പ്രതിസന്ധി കമ്പനിയെ വളരെക്കാലം പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രതിസന്ധി പ്രധാനമായും രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഡ്രൈവർമാരുടെ ഉപജീവനമാർഗത്തെയും അവരുടെ കുടുംബത്തെയും സാരമായി ബാധിച്ചത്. പിരിച്ചുവിട്ട ജീവനക്കാർക്ക് മൂന്നുമാസം വരെ അവരുടെ ശമ്പളത്തിന്റെ ഒരുഭാഗം നൽകും. ഡിസംബർ 31വരെ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കമ്പനി നൽകിയ മെഡിക്കൽ, ലൈഫ്, അപകട ഇൻഷുറൻസ് പരിരക്ഷ ഉപയോഗിക്കാവുന്നതാണ്.

മറ്റ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുമെന്നും ഭവിഷ് വ്യക്തമാക്കി.നേരത്തെ ഓൺലൈൻ ഭക്ഷ്യവിതരണക്കാരായ സ്വിഗ്ഗിയും സൊമാറ്റോയും ഓൺലൈൻ ടാക്‌സി സേവനദാതാക്കളായ യൂബറും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കൊറോണപ്രതിസന്ധി ബിസിനസ്സിനെ സാരമായി ബാധിച്ചതിനെ തുടർന്നാണ് കമ്പനികൾ പിരിട്ടുവിടൽ ഊർജിതമാക്കിയത്. ആദ്യ ഘട്ടത്തിൽ 3,700 ജീവനക്കാരെയും രണ്ടാം ഘട്ടത്തിൽ 3000 ജീവനക്കാരെയുമാണ് യൂബർ പിരിച്ചു വിട്ടത്.