മൂവാറ്റുപുഴ :കൊവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ മൂവാറ്റുപുഴ എസ്.എസ്.എ (സർവ്വശിക്ഷാഅഭിയാൻ) ഓഫീസിന് മുന്നിൽ കെ.എസ്.യു മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. ഉപവാസ സമരം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. സമരത്തിന് നേതൃത്വം നൽകിയ കെ.എസ്.യു നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജെറിൻ ജേക്കബ് പോൾ, ഭാരവാഹികളായ രാഹുൽ മനോജ്, ജോപോൾ ജോൺ, ഇമ്മാനുവൽ ജോർജ്, റെയ്‌മോൻ സാബു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡി.കെ.റ്റി.എഫ് സംസ്ഥാന പ്രസിഡന്റ് ജോയ് മാളിയേക്കൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ്, ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദ്, എൻ.എസ്.യു.ഐ മുൻ ദേശീയ സെക്രട്ടറി അബിൻ വർക്കി കോടിയാട്ട്, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറിമാരായ റംഷാദ് റഫീഖ്, സൽമാൻ ഓലിക്കൽ, ബ്ലോക്ക് ഭാരവാഹികളായ അൻസാഫ് മുഹമ്മദ്, ഫാസിൽ സൈനുദ്ധീൻ എന്നിവർ സംസാരിച്ചു.