കേരളത്തിൽ ഏകദേശം 18,000 ഹെക്ടർ പ്രദേശത്ത് പൈനാപ്പിൾക്കൃഷി
ഒരു ഹെക്ടറിൽ കൃഷിയിറക്കുന്നതിന് 6.25 ലക്ഷം രൂപ ചെലവ്
വർഷം ഉത്പാദിപ്പിക്കുന്നത് 5 ലക്ഷം ടൺ പൈനാപ്പിൾ
വരുമാനം ലഭിച്ചിരുന്നത് 1250 കോടി രൂപ
കൊച്ചി: പൈനാപ്പിൾ ചലഞ്ച് നടത്തിയിട്ടും രക്ഷപ്പെടാതെ കേരളത്തിലെ പൈനാപ്പിൾ വിപണി. പ്രളയമുണ്ടാക്കിയ ബാധ്യതകളിൽ നിന്ന് കരകയറി വരവെയാണ് അടിമുടിയുലച്ച് കളഞ്ഞ് കൊവിഡ് ഭീഷണിയെത്തിയത്. ഭൂസൂചികാപദവി നേടി മലയാളനാടിന്റെ കാർഷികപ്പെരുമ ലോകത്തിന് മുന്നിൽ എത്തിച്ച വാഴക്കുളം പൈനാപ്പിൾ കർഷകരെയാകെ പ്രതിസന്ധിയിലാഴ്ത്തി പൈനാപ്പിൾ വിലയുടെ ഇടിവ്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് മുതൽ ഇതുവരെ 300 കോടിയുടെ നഷ്ടം പൈനാപ്പിൾ വിപണിക്കുണ്ടായതായാണ് കണക്ക്. നിലവിൽ ദിവസം ശരാശരി 5 കോടി രൂപ നഷ്ടം.
കേരളത്തിലെ ഭൂരിപക്ഷം തോട്ടവിളകളും നാണ്യവിളകളും വിലയിടിച്ചിലിന്റെ വെല്ലുവിളികൾ നേരിട്ടപ്പോൾ റബർകൃഷിയുടെയും മറ്റും ഇടവിളയായി പൈനാപ്പിൾ കൃഷി ചെയ്ത് കർഷകർ ആശ്വസിച്ചിരിക്കെയാണ് കൊവിഡ് എത്തിയത്. കഴിഞ്ഞ വർഷം കൃഷി ചെയ്യാൻ കൂടുതൽ സ്ഥലവും വിളവിന് മെച്ചപ്പെട്ട വിലയും ലഭിച്ചതോടെ ഈ വർഷം മുൻവർഷങ്ങളിലെ നഷ്ടങ്ങൾ നികത്താമെന്ന കണക്കുകൂട്ടലിലായിരുന്നു കർഷകർ. കൂടുതൽ വായ്പകളെടുത്തും മറ്റും അതിനായി ശ്രമിക്കുകയും കൂടുതൽ വിളവെടുപ്പുണ്ടാവുകയും ചെയ്തു. ലോക്കൽ വിപണിയിൽ ഡിമാൻഡ് ഉണ്ടാകാറുള്ള റംസാൻ മാസമെത്തിയിട്ടും ആവശ്യം വർദ്ധിക്കാത്തതും കേരളത്തിന് പുറത്തേക്ക് പൈനാപ്പിൾ എത്തിക്കാൻ സാധിക്കാത്തതും തിരിച്ചടിയായി.
വൻ തോതിൽ പൈനാപ്പിൾ കയറ്റി അയച്ചിരുന്ന ഡൽഹി, മുംബയ്, അഹമ്മദാബാദ്, ചെന്നൈ വിപണികൾ അടഞ്ഞുകിടക്കുകയാണ് നിലവിൽ. കർഷകരെ സഹായിക്കണമെന്ന ആവശ്യവുമായി ആൾ കേരളാ പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി.
സംഘടനയുടെ ആവശ്യങ്ങൾ
പാട്ടങ്ങൾക്ക് ഇളവും സാവകാശവും ലഭ്യമാക്കണം
കാർഷിക വായ്പകളുടെ പലിശ എഴുതിത്തള്ളണം
2 വർഷത്തേയ്ക്ക് എല്ലാ പൈനാപ്പിൾക്കൃഷി വായ്പകളും പലിശരഹിത വായ്പകളായി ക്രമീകരിക്കണം
സംഭരണവില 15ൽ നിന്ന് ഉത്പാദനച്ചെലവിന് ആനുപാതികമായി വർധിപ്പിച്ച് 25 രൂപയാക്കണം.
ലോക്ക് ഡൗൺ കാലത്ത് നശിച്ചതും വിളവെടുത്തതുമായ മുഴുവൻ പൈനാപ്പിളിനും കിലോഗ്രാമിന് 10 രൂപവെച്ച് സഹായധനം നൽകണം.
നടുക്കരയിലെ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനി പൂർണതോതിൽ പ്രവർത്തനക്ഷമമാക്കണം.
ചെറുകിട സംരംഭകർക്ക് വൈനും വീര്യം കുറഞ്ഞ മദ്യവും പൈനാപ്പിളിൽ നിന്ന് ഉത്പ്പാദിപ്പിക്കുന്നതിനുള്ള ലൈസൻസിംഗ് സമ്പ്രദായം ഉടൻ ആരംഭിക്കണം
തൊഴിലാളികളുടെ തിരിച്ചുപോക്കും വെല്ലുവിളി
"തൊഴിൽരംഗത്തെ വെല്ലുവിളികളും പൈനാപ്പിൾ കർഷകരെ ഭാവിയിൽ അതീവഗുരുതരമായി ബാധിക്കും. ഒരേക്കറിൽ ഒരു വർഷം 170 തൊഴിൽദിനങ്ങളാണ് പൈനാപ്പിൾ കാർഷിക മേഖല നൽകിയിരുന്നത്. അന്യസംസ്ഥാന തൊഴിലാളികൾ ഒന്നടങ്കം തിരിച്ചു പോകാനുള്ള സാഹചര്യം ഒരുക്കിയത് വെല്ലുവിളിയാകും."
ജെയിംസ് ജോർജ്
പ്രസിഡന്റ്
ആൾ കേരളാ പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷൻ