കൊച്ചി: ഓപ്പറേഷൻ ബ്രേക്ക്ത്രൂ പ്രവൃത്തികൾ പലയിടത്തും നാട്ടുകാരുടെ വഴിഅടയ്ക്കുന്നു. ലോക്ക് ഡൗൺ ഇളവുകളുണ്ടായിട്ടും പലർക്കും പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. വാഹനം എടുക്കാൻ കഴിയില്ലെന്നതാണ് പ്രധാന പരാതി. ഇടപ്പള്ളി ബി.ടി.എസ് റോഡ് 19ാം ബൈലൈനിൽ താമസിക്കുന്നവരാണ് കുരുങ്ങിയത്. രണ്ടുദിവസം മുമ്പ് ഈ വഴിയിലൂടെ ഒഴുകുന്ന ചങ്ങാടംപോക്ക് തോട് വൃത്തിയാക്കിയ ശേഷം ജലാംശമുള്ള മണ്ണും ചെളിയുമായി ലോറി പോകുന്നതിനിടെ റോഡിന്റെ മദ്ധ്യത്തിൽ വിള്ളൽവീണു. ജലവിതരണപൈപ്പും തകർന്നു. രണ്ടു ദിവസത്തിനുശേഷം ജലവിതരണം പുന:സ്ഥാപിച്ചുവെങ്കിലും റോഡ് പണി തുടങ്ങിയിട്ടില്ല. 16 വീട്ടുകാരാണ് ഈ വഴിയിൽ താമസിക്കുന്നത്.

# വഴിയടഞ്ഞ് രണ്ട് വീട്ടുകാർ

തോടിനോട് ചേർന്നുള്ളഭാഗം ഇടിഞ്ഞതോടെ ബി.ടി.എസ് റോഡ് ബ്രഷ്‌ലൈനിലെ രണ്ടുവീട്ടുകാർ കഴിഞ്ഞ പത്തുദിവസമായി പുറത്തേക്കിറങ്ങാൻ നിർവാഹമില്ലാത്ത അവസ്ഥയിലാണ്. ഈ വീടുകളിലേക്കുള്ള ഏക വഴികൂടിയായിരുന്നു ഇത്. അമ്പലത്തറ എ.സി. ശിവദാസൻ, അയൽവാസിയായ റോസമ്മ എന്നിവരുടെ വീട്ടിലേക്കുള്ള നടവഴിയായിരുന്നു ഇത്. തകർന്നുകിടക്കുന്ന നടവഴിയിലൂടെയാണ് ഇപ്പോൾ അത്യാവശ്യ കാര്യങ്ങൾക്കായി ഈ കുടുംബങ്ങൾ പോകുന്നത്. മഴതുടങ്ങിയാൽ ഇടിഞ്ഞ വഴിയിലൂടെ നടക്കാൻ പ്രയാസമാകും. നടപ്പാത ഇടിയാനും സാദ്ധ്യതയുണ്ട്. എം.എൽ.എയും ഡിവിഷനിലെ മുൻ കൗൺസിലറുമായ ടി.ജെ. വിനോദിനെ അറിയിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് ശിവദാസൻ പറഞ്ഞു.ചങ്ങാടംപോക്ക് തോടിന്റെ കരയിലുള്ള ഭാഗ്യതാര റോഡിനും ഓപ്പറേഷൻ ബ്രേക്ക്ത്രൂ ജോലികൾക്കിടെ കേടുപാട് സംഭവിച്ചിട്ടുണ്ട്.

# ഉടൻ കേടുപാട് തീർക്കും

ഓപ്പറേഷൻ ബ്രേക്ക്ത്രൂ പ്രവർത്തനങ്ങൾക്കിടെ കേടുപാട് സംഭവിച്ച റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കോർപ്പറേഷൻ പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.എം. ഹാരിസ് പറഞ്ഞു.

# ഒന്നാംഘട്ട പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകും

നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക്ത്രൂവിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ഈമാസം പൂർത്തിയാകും. വെള്ളക്കെട്ടിന് കാരണമാകുന്ന കാനകൾ, ചെറുതോടുകൾ എന്നിവയിലെ തടസങ്ങൾ മാറ്റി പ്രധാനതോടുകളിലേക്ക് മഴവെള്ളം എത്തിക്കുന്നതിനുള്ള വിവിധ പ്രവൃത്തികളാണ് ഒന്നാംഘട്ടത്തിൽ പൂർത്തിയാകുന്നത്.

# ഇനി തീർക്കാനുള്ളത്

കമ്മട്ടിപ്പാടം, മാത്യു പൈലി റോഡ് എന്നിവിടങ്ങളിലെ കാനകളുടെയും കൽവർട്ടുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ.