കൊച്ചി: ആടു ജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിന് പോയി ജോർദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജും സംഘവും നാളെ കൊച്ചിയിലെത്തും. ജോർദാനിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി വഴിയാണ് കൊച്ചിയിലെത്തുക. നാളെ രാവിലെ പൃഥ്വിരാജിനും സംവിധായകൻ ബ്ലെസിക്കുമൊപ്പം ചിത്രീകരണ സംഘത്തിലെ മറ്റു 56 പേരും കൊച്ചി അന്താരാഷ്ട്ര വിമാനത്താളവളത്തിൽ എത്തും.
വിമാനത്തിന്റെ സമയം അധികൃതർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. എത്തിയാലുടനെ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ഹോം ക്വാറന്റൈനിലേക്ക് ഇവർക്കെല്ലാം പോവേണ്ടി വരും. വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി എയർ ഇന്ത്യ വിമാനത്തിലാണ് നടനും സംഘവും എത്തുന്നത്. കൊവിഡ് കാലത്ത് പൃഥ്വിരാജും കൂട്ടരും വിദേശത്ത് കുടുങ്ങിയതിൽ ആശങ്ക ഉയർന്നിരുന്നു. കൊവിഡ് പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ മൂന്നു മാസത്തിലേറെ നീണ്ടുനിന്ന ചിത്രീകരണം പൂർത്തിയാക്കി.
മാർച്ച് രണ്ടാംവാരത്തിലാണ് സംഘം ഷൂട്ടിംഗിനായി ജോർദാനിലെത്തിയത്. മാർച്ച് 24ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിമാന സർവീസ് റദ്ദാക്കുകയും സംഘത്തിന്റെ യാത്ര അനിശ്ചിതത്വത്തിലാകുകയുമായിരുന്നു. പിന്നീട് നാല് തവണ ലോക്ക് ഡൗൺ നീട്ടിയതോടെ യാത്ര ഏറെ വൈകി. പ്രത്യേക വിമാന സർവീസ് ആരംഭിച്ചതോടെയാണ് ഇവർ നാട്ടിലെത്തുന്നത്.
കൊവിഡ് വ്യാപിച്ചതോടെ ഷൂട്ടിംഗ് നിർത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ചിത്രത്തിൽ അഭിനയിക്കേണ്ട ഒമാനി താരം ക്വാറന്റൈനിലായതും കൂടുതൽ പ്രതിസന്ധിയായി. പിന്നീട് ചിത്രീകരണം ആരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പാക്ക് അപ്പ് ചിത്രങ്ങൾ പൃഥ്വിരാജ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരുന്നു.