കോലഞ്ചേരി: കാത്തിരുന്ന് ക്ഷമനശിച്ച കുടിയന്മാർ ഫെയർ കോഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബെവ് ക്യൂ ആപ്പ് നിർമ്മാതാക്കളുടെ ഫെയ്സ് ബുക്ക് പേജിൽ അന്വേഷണങ്ങളുമായി വിളയാടുന്നു.
എല്ലാവർക്കും ഒറ്റ ചോദ്യം മാത്രം ആപ്പു വന്നോ.... ആപ്പ്.. .പേജിൽ പൊങ്കാലയിടുന്നവരും കുറവല്ല. പത്ത് ദിവസം കൊണ്ടാണ് ആപ്പ് വികസിപ്പിച്ചെടുത്തതെന്നാണ് കമ്പനി അധികൃതർ പറയുന്നത്. മദ്യം വാങ്ങാൻ സ്വകാര്യ വിവരങ്ങൾ നൽകേണ്ടെന്നും വ്യക്തികൾ വാങ്ങിയ മദ്യത്തിന്റെ വിവരം ആപ്പു വഴി അറിയാൻ കഴിയില്ലെന്നുമാണ് കമ്പനി നൽകുന്ന സൂചന.
ആപ്പിന് അംഗീകാരത്തിനായി ഗൂഗിൾ പ്ളേ സ്റ്റോറിൽ നല്കി കാത്തിരിക്കുകയാണ് കമ്പനി. ഇന്ന് അനുമതി കിട്ടുമെന്നും നാളെയോ തിങ്കളോ വിതരണം ആരംഭിക്കാനാകുമെന്നുമാണ് ബെവ്കോ അധികൃതർ പറയുന്നത്. പ്ളേ സ്റ്റോറിൽ നിന്നും ഡൗൺ ലോഡ് ചെയ്ത് മൊബൈൽ നമ്പർ ഉപയോഗിച്ച് ഒ. ടി.പി വഴിയാണ് ഇൻസ്റ്റാൾ ചെയ്യുന്നത്.
തല്സമയം ബുക്ക് ചെയ്ത് മദ്യം വാങ്ങാൻ കഴിയില്ല.
ഇന്ന് ബുക്ക് ചെയ്താൽ നാളെയാണ് മദ്യം ലഭിക്കുക.
മണിക്കൂറിൽ അമ്പത് പേർക്കു മാത്രമാണ് ആപ്പ് ടോക്കൺ.
ടോക്കൺ നമ്പറും മൊബൈലുമായി വില്പന കേന്ദ്രത്തിൽ എത്തണം.