കൊച്ചി: കാലവർഷം ശക്തമാകുമെന്നുറപ്പായിരിക്കെ ആവശ്യമായ മുന്നൊരുക്കങ്ങളും കരുതൽ നടപടികളും സർക്കാർ ഉടൻ സ്വീകരിക്കണമെന്ന് ടി.എ അഹമ്മദ് കബീർ എം.എൽ.എ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഡാമുകളിൽ ജലശേഖരത്തിന്റെ അളവ് സ്വാഭാവികമായും കൂടുതലായത് കൊണ്ടു തന്നെ ശക്തമായ മുന്നൊരുക്കങ്ങൾ ഉണ്ടാകണം. വെള്ളം തുറന്ന് വിടുന്ന വിഷയത്തിൽ കേന്ദ്ര ജല കമ്മീഷന്റെ നിർദേശങ്ങൾ കർക്കശമായി നടപ്പാക്കുമെന്ന് വൈദ്യുതി ബോർഡ് പറയുന്നു. അതിവർഷം ഇക്കുറി ഉണ്ടാകില്ലെന്ന് ഐ.എം.ഡി. പ്രവചനം ഉണ്ടെന്നും ബോർഡ് ആശ്വസിക്കുന്നു. എന്നാൽ മഴവെള്ളം സുഗമമായി ഒഴുകുന്ന സാഹചര്യം ഇനിയും സൃഷ്ടിച്ചിട്ടില്ല. പല പുഴകളിലും വൃക്ഷങ്ങൾ വളർന്ന് നിൽക്കുന്നു. മണ്ണ് കുന്ന് കൂടിയിരിക്കുന്നു. ഡാം കൈകാര്യം ചെയ്യുന്ന വിഷയത്തിൽ ഇക്കാര്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു. 2019 ജൂണിൽ ലോകബാങ്കും കേന്ദ്രസംസ്ഥാന സർക്കാരുകളും ചേർന്ന് പ്രളയക്കെടുതികൾ ലഘൂകരിക്കാൻ 250 മില്യൺ യു.എസ് ഡോളർ (ഏകദേശം 188 കോടിയോളം രൂപ) സഹായ പദ്ധതി അംഗീകരിച്ചിരുന്നു. ആ പദ്ധതിയെകുറിച്ച് സർക്കാർ മനപൂർവമായ മൗനം പാലിക്കുകയാണെന്നും അഹമ്മദ് കബീർ എം.എൽ.എ വ്യക്തമാക്കി.