ഫോർട്ടുകൊച്ചി: കാൽപന്ത് കളി പരിശീലനത്തിൽ റൂഫസ് അങ്കിളിന് ഗോൾഡൻ ജൂബിലി.1970 മെയ് മാസത്തിലാണ് റൂഫസ് ഫോർട്ട് കൊച്ചി പരേഡ് മൈതാനിയിൽ കുട്ടികൾക്ക് സൗജന്യ പരിശീലനം തുടങ്ങിയത്.അന്ന് തൊട്ട് ലോക്ക് ഡൗൺ തുടങ്ങുന്നതിന് തൊട്ട് മുമ്പുള്ള ദിവസം വരെ അദ്ദേഹം പുലർച്ചെ നാലിന് മൈതാനത്ത് എത്തിയിരുന്നു. നവതി പിന്നിട്ടെങ്കിലും അവിവാഹിതനായ അങ്കിൾ ജീവിതം തന്നെ ഫുട്‌ബാൾ, ഹോക്കി എന്നിവക്കായി നീക്കിവച്ചിരിക്കുകയാണ്.

ഒളിമ്പ്യൻ ദിനേശ് നായിക്, ബോബി ഹാമിൽട്ടൺ, പി.പി.തോബിയാസ്, പീറ്റർ തകരാജ്, പി.കെ.ബാനർജി, ഒളിമ്പ്യൻ റഹ്മാൻ, പീറ്റർ വർഗീസ് തുടങ്ങിയവർ ചുരുക്കം ചില ശിഷ്യർ മാത്രം.കേരള ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി അനിൽ കുമാർ വരെ ശിഷ്യരിൽ ഉൾപ്പെടും. അന്തർ ദേശീയ, ദേശീയ താരങ്ങളടക്കം ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ ഫുട്‌ബാൾ, ഹോക്കി എന്നിവയിൽ വാർത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

കഴിഞ്ഞ വർഷം ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി റൂഫസിനെ ഡൽഹിയിൽ വിളിപ്പിച്ച് ആദരിച്ചിരുന്നു. 50 വർഷം ആഘോഷിക്കുന്നതിന് മാസങ്ങൾക്കു മുമ്പേ ശിഷ്യഗണങ്ങൾ ചേർന്ന് സംഘാടക സമിതി രൂപീകരിച്ച് പരിപാടി വിപുലീകരിക്കാൻ ഒരുക്കങ്ങൾ തുടങ്ങിയെങ്കിലും കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ ഒഴിവാക്കുകയായിരുന്നു.