ആലുവ: ഇന്റർനെറ്റ് പണിമുടക്കിയതിനെ തുടർന്ന് ആലുവ മേഖലയിൽ പലയിടത്തും റേഷൻ കടകൾ വഴിയുള്ള സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം പൂർത്തിയായില്ല. ഇതേതുടർന്ന് കിറ്റ് വിതരണത്തിന്റെ തീയതി നീട്ടണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ മുഖ്യമന്ത്രിക്കും ഭക്ഷ്യ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.

ലോക്ക് ഡൗണിനെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച സൗജന്യ കിറ്റുകളുടെ വിതരണം ഇന്നലെ പൂർത്തിയാകേണ്ടതായിരുന്നു. സമയബന്ധിതമായി പാക്കിംഗ് പൂർത്തിയാക്കാൻ കഴിയാത്തതിനാൽ വിതരണത്തിലും വീഴ്ച്ചകൾ സംഭവിച്ചു. ഇതിനിടെയാണ് ഇന്നലെ ഇന്റർനെറ്റ് പണിമുടക്കിയത്.

ആലുവ മേഖലയിൽ തോട്ടക്കാട്ടുകരയിലെ ഒരു റേഷൻ കടയിൽ ബുധനാഴ്ച്ച കിറ്റ് വാങ്ങാനെത്തിയ കാർഡ് ഉടമകളോടെ സമയം വൈകിയതിനാൽ ഇന്നലെ വരാൻ നിർദ്ദേശിച്ച് മടക്കിയിരുന്നു. ഇന്നലെ 11 മണിയോടെ കടയിലെത്തിയെങ്കിലും തിരക്ക് കാരണം ലഭിച്ചില്ല. 12.30 ആയപ്പോഴേക്കും വീണ്ടും ഇന്റർനെറ്റ് തകരാറിലായി. തുടർന്ന് വീട്ടിലേക്ക് പോകാതെ കാത്തുനിന്നവർ വൈകിട്ട് മൂന്ന് മണിയോടെ നിരാശരായി മടങ്ങി. ഈ റേഷൻ കടയിൽ മാത്രം നിരവധി പേർക്കാണ് കിറ്റ് ലഭിക്കാനുള്ളത്.

കിറ്റുകളുടെ പാക്കിംഗിലുണ്ടായ കാല താമസവും ഇന്റർനെറ്റ് തകരാറിനെ തുടർന്ന് കിറ്റ് ലഭിക്കാത്തവർക്കായി വിതരണ തീയതി നീട്ടാൻ സർക്കാർ തയ്യാറാകണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു.