മൂവാറ്റുപുഴ: കാല് കൊണ്ട് പ്രവർത്തിക്കുന്ന ഹാൻഡ് വാഷ് യൂണിറ്റുകളുമായി ഇലാഹിയ എൻജിനീയറിംഗ് കോളേജ് എൻ.എസ്.എസ്.യൂണിറ്റ്. മുളവൂർ ഇലാഹിയ എൻജിനീയറിംഗ് കോളേജിലെ എൻ. എസ്. എസ്. വൊളന്റിയേഴ്‌സിന്റെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഹാൻഡ് വാഷ് യൂണിറ്റുകൾ സ്ഥാപിച്ചു. കാലുകൊണ്ട് പ്രവർത്തിപ്പിച്ച് കൈകൾ കഴുകുന്നതിനുള്ള പ്രത്യേക യൂണിറ്റുകളാണ് സ്ഥാപിച്ചത്. കൊവിഡ് 19 മഹാമാരിയിൽ ആശുപത്രിയിൽ വരുന്ന ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് ആശുപത്രിയുടെ വിവിധ സ്ഥലങ്ങളിലായി 3 യൂണിറ്റ് ഹാൻഡ് വാഷ് സ്ഥാപിച്ചത്.ഹാൻഡ് വാഷ് യൂണിറ്റിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്‌സൺ ഉഷ ശശിധരൻ നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ആശ വിജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇലാഹിയ എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.ഫൈസൽ എം ഹസൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഷഫാൻ സലാം, അരുൺകുമാർ .എം എന്നിവർ പങ്കെടുത്തു.