കൊച്ചി: കൊവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരിച്ചത് സുരക്ഷിതമാണെന്നും സ്‌പ്രിൻക്ളർ കമ്പനി ഉൾപ്പെടെ മറ്റാർക്കും ഡേറ്റ കൈമാറ്റം ചെയ്യുന്നില്ലെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഡേറ്റ ആദ്യം സ്‌പ്രിൻക്ളറിന് നൽകിയെങ്കിലും സർക്കാർ സംവിധാനം (സി -ഡിറ്റ്) പ്രവർത്തനക്ഷമമായതോടെ മാറ്റി. സ്‌പ്രിൻക്ളറിന്റെ പക്കൽ ഏതെങ്കിലും തരത്തിലുള്ള ഡേറ്റയുണ്ടെങ്കിൽ നശിപ്പിച്ചു കളയാൻ നിർദ്ദേശിച്ചു.
ഏപ്രിൽ 20 മുതൽ ആമസോൺ വെബ് സെർവറിലെ സി- ഡിറ്റിന്റെ അക്കൗണ്ടിലാണ് ഡേറ്റ സൂക്ഷിക്കുന്നത്. സ്‌പ്രിൻക്ളറിന്റെ സോഫ്ട് വെയർ ഉപയോഗിച്ച് സി -ഡിറ്റ് തന്നെ ഡേറ്റ അനാലിസിസും നടത്തുന്നു. ഇതിന്റെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും ഐ.ടി വകുപ്പ് ജോയിന്റ് സെക്രട്ടറി ജി. വിനോദ് സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.
ശേഖരിച്ച വിവരങ്ങൾ സ്‌പ്രിൻക്ളറിനു നൽകുന്നതു ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തുടങ്ങിയവർ നൽകിയ ഹർജികളിലാണ് സർക്കാർ വിശദീകരണം.
സർക്കാർ വിശദീകരണം
വൻതോതിൽ ഡേറ്റ വിശകലനം ചെയ്യാൻ സർക്കാർ വകുപ്പുകൾക്ക് പ്രാപ്തിയില്ല. ഐ.ടി വകുപ്പിന് പരിമിത സൗകര്യമേയുള്ളൂ. തുടർന്നാണ് സ്‌പ്രിൻക്ളറുമായി കരാറുണ്ടാക്കിയത്.
കരാർ ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറിയുടെ മാത്രം തീരുമാനമല്ല. ആരോഗ്യ, തദ്ദേശഭരണ വകുപ്പുകൾ, സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി എന്നിവയിലെ പ്രതിനിധികളുമായി ചർച്ച നടത്തി.
ഡേറ്റ വിശകലനം ചെയ്യുന്നത് സി - ഡിറ്റിലായതിനാൽ കൈമാറ്റം ചെയ്യപ്പെടുന്നില്ല. വേണ്ടിവന്നാൽ ആളുകളെ തിരിച്ചറിയുന്ന കാര്യങ്ങൾ രഹസ്യമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഡേറ്റ ശേഖരിക്കുമ്പോൾ കൈമാറ്റം ചെയ്യാനിടയുണ്ടെന്ന് വ്യക്തമാക്കി വ്യക്തികളിൽ നിന്ന് അനുമതി വാങ്ങാനും നിർദ്ദേശിച്ചിട്ടുണ്ട്.
ഡേറ്റകൾ കൈമാറേണ്ടി വന്നാൽ വ്യക്തിഗത വിവരങ്ങൾ രഹസ്യമാക്കണമെന്നത് അടക്കമുള്ള ഹൈക്കോടതി നിർദ്ദേശങ്ങൾ സ്‌പ്രിൻക്ളറിനെ അറിയിച്ചിരുന്നു. വ്യവസ്ഥകൾ പാലിക്കാമെന്ന് കമ്പനി മറുപടി നൽകി
മാർച്ച് - ഏപ്രിൽ മാസങ്ങളിൽ രണ്ടു ലക്ഷം പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. എണ്ണം 20 - 30 ലക്ഷം വരെയാകുമെന്ന് ഭീഷണിയുള്ളതിനാൽ ബിഗ് ഡേറ്റ ഇൻഫർമേഷൻ പ്ളാറ്റ്ഫോം വേണം.
കൊവിഡിനെ നേരിടാൻ സർക്കാർ വകുപ്പുകൾക്ക് ഉപയോഗിക്കാവുന്ന സംവിധാനമുണ്ടോ എന്നു തിരക്കി കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും എൻ.ഐ.സിക്കും പലതവണ കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചില്ല.