കൊച്ചി: തമ്മനം, പൊന്നുരുന്നി, എളംകുളം പ്രദേശങ്ങളെ വെള്ളക്കെട്ടിലാക്കുന്ന പത്മസരോവരം പദ്ധതി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എറണാകുളം വികസനസമിതി യോഗം ആവശ്യപ്പെട്ടു. കേരളം പ്രളയ സാദ്ധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലായ സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ടുനീങ്ങുന്നത് ആപത്താണ്. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുവാൻ അമൃത് ,ഓപ്പറേഷൻ ബ്രേക്ക് ത്രൂ തുടങ്ങിയ പദ്ധതികളിലൂടെ കോടികൾ ചെലവഴിക്കുന്നതിനിടെ അവശേഷിക്കുന്ന ജലനിർഗമനചാലുകൾ കൂടി തടസപ്പെടുത്താനാണ് ശ്രമം. തീരദേശ പരിപാലനനിയമം ലംഘിക്കാനുള്ള നീക്കം അനുവദിക്കില്ല. കേന്ദ്രഫണ്ട് ദുരുപയോഗപ്പെടുത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ 11 ന് പദ്ധതിപ്രദേശത്ത് നില്പുസമരം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ നടന്ന യോഗത്തിൽ കൗൺസിലർ സുധാ ദിലീപ്, കുരുവിള മാത്യൂസ്, കുമ്പളം രവി, ടി.എൻ.പ്രതാപൻ, ഏലൂർ ഗോപിനാഥ്, കെ.കെ. വാമലോചനൻ, പി.എ. ബാലകൃഷ്ണൻ, ഉഷ ജയകുമാർ എന്നിവർ പങ്കെടുത്തു.