കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കോയിത്തറ റെയിൽവെ പാലത്തിന് താഴെ ഒഴുക്കിന് തടസമായിരുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾ മുഴുവനായും നീക്കംചെയ്തു. കനാലിലെ ചെളി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കനാലിൽ ഒഴുക്കിന് തടസമായി നിൽക്കുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പ് നീക്കംചെയ്യാൻ കളക്ടർ നിർദേശം നൽകി. ഇതിനുള്ള തുക ഓപ്പറേഷൻ ബ്രേക്ക് ത്രൂവിൽ നിന്നനുവദിക്കും. ഇവിടെ അശാസ്ത്രീയമായി സ്ഥാപിച്ച വിവിധ കേബിളുകളും നീക്കം ചെയ്യും. കോയിത്തറ കനാൽ വൃത്തിയാകുന്നതോടെ തേവര പേരണ്ടൂർ കനാലിലെ നീരൊഴുക്ക് സുഗമമാകും. ഇതോടെ പനമ്പിള്ളി നഗർ, കടവന്ത്ര, കൊച്ചുകടവന്ത്ര പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും.