കൂത്താട്ടുകുളം :പഠനത്തിന് ഇന്റർനെറ്റ്, ടെലിവിഷൻ എന്നിവയില്ലാത്ത സ്കൂൾ വിദ്യാർത്ഥികൾക്ക് സേവനം ലഭ്യമാക്കുമെന്ന് സി.പി.എം പിറവം മണ്ഡലം കമ്മിറ്റി. കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂൾ അദ്ധ്യായന വർഷം ആരംഭിക്കുമ്പോൾ റഗുലർ ക്ലാസുകൾ വഴി പഠനം നടത്തുവാൻ കഴിയാത്ത സാഹചര്യത്തിൽ ഓൺലൈനിലൂടെ ക്ലാസുകൾ നടത്തുവാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.എന്നാൽ പിറവം മണ്ഡലത്തിലെ കൂത്താട്ടുകുളം, പിറവം ബി.ആർ.സികളിലും തൃപ്പൂണിത്തുറ ബി.ആർ.സിയിലെ ചോറ്റാനിക്കര, മുളന്തുരുത്തി, തിരുവാങ്കുളം, ആമ്പല്ലൂർ പഞ്ചായത്തുകളിലുമായി 600ഓളം വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ്, ടെലിവിഷൻ സേവനം ലഭ്യമല്ല. ഇവർക്ക് പഠനസൗകര്യം ഒരുക്കുവാനാണ് കമ്മിറ്റിയുടെ തീരുമാനം. പ്രതിഭാകേന്ദ്രങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, ലൈബ്രറികൾ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ ഒരുക്കിയും ഇവ പ്രയോജനപ്പെടുത്തുവാൻ കഴിയാത്തവർക്ക് മറ്റ്‌ മാർഗങ്ങൾ കണ്ടെത്തിയും സേവനം ലഭ്യമാക്കുമെന്ന് മണ്ഡലം സെക്രട്ടറി ഷാജു ജേക്കബ്, മുളന്തുരുത്തി ഏരിയാ സെക്രട്ടറി ടി.സി ഷിബു എന്നിവർ അറിയിച്ചു.