ആലുവ: സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും റോഡുകളുടെയും നവീകരണത്തിന് സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചിട്ടും ടെൻഡർ നടപടി സ്വീകരിക്കാത്ത നഗരസഭ അധികൃതർക്കെതിരെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ആലുവ നഗരസഭയിലെ അഞ്ച് പ്രവൃത്തികൾക്കായി ഒന്നരക്കോടിയിലേറെ രൂപയാണ് അനുവദിച്ചിട്ടുള്ളത്. പദ്ധതികളെല്ലാം പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിലായതിനാൽ ഭരണപക്ഷം ബോധപൂർവം ടെൻഡർ നടപടികൾ നീട്ടുകയാണെന്ന് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതി നടപ്പാകുന്നതിനായിട്ടാണ് അടിയന്തര നഗരസഭ കൗൺസിൽ ചേർന്നത്.
അടുത്ത ബുധനാഴ്ചയ്ക്കകം കൗൺസിൽ യോഗം വിളിച്ചുചേർത്ത് നവീകരണ പ്രവർത്തനങ്ങൾക്കുള്ള അഗീകാരം നൽകണമെന്നും കാലവർഷം ശക്തി പ്രാപിക്കുന്നതിനു മുമ്പ് കേടായ വഴിവിളക്കുകൾ അറ്റകുറ്റപ്പണി ചെയ്യണമെന്നും രാജീവ് സക്കറിയ ആവശ്യപ്പെട്ടു.
നഗരസഭ നൽകിയ പ്രവൃത്തികളുടെ പട്ടികയിൽ നിന്നും ഭരണപക്ഷ അംഗങ്ങളുടെ വാർഡുകൾ ഒഴിവാക്കിയാണ് സർക്കാർ ഫണ്ട് അനുവദിച്ചതെന്നാണ് ഭരണപക്ഷത്തിന്റെ ആക്ഷേപം.
ഫണ്ട് അനുവദിച്ചത്.
ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡ് - 13,50, 000, കനാൽ റോഡ് - 10,00,000, ഫ്രണ്ട്സ് ലൈൻ - 10,37,400, ആയുർവേദ ആശുപത്രി റോഡ് - 11,25,000, ഫ്രണ്ട്സ് ലൈൻ ന്യൂലൈൻ - 15, 24,000, കരുണാലയം റോഡ് - 97,85,000.