ഇന്നലെ ഓടിയ സർവ്വീസുകൾ

സ്വകാര്യബസുകൾ - 150

കെ.എസ്.ആർ.ടി.സി - 165

കൊച്ചി: പൊതുഗതാഗതത്തിന്റെ രണ്ടാംദിനം സ്വകാര്യ ബസുകളും നിരത്തിലിറങ്ങി. യാത്രക്കാരുടെയും സർവ്വീസുകളുടെയും എണ്ണം കുറവായിരുന്നു. ഉദ്യോഗസ്ഥരാണ് നിലവിൽ പൊതുഗതാഗതത്തെ ആശ്രയിക്കുന്നത്. അതുകൊണ്ടു തന്നെ ഓഫീസ് സമയങ്ങളിലാണ് അത്യാവശ്യം തിരക്ക്.

അതേസമയം, വൈകിട്ട് തിരക്കുള്ള സമയത്ത് സ്വകാര്യബസുകൾ സാമൂഹിക അകലം പാലിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ചില ബസുകളിൽ നിന്നുകൊണ്ട് യാത്ര ചെയ്യുന്നവരെയും കാണാമായിരുന്നു. പൊലീസ് പരിശോധനയും ഉണ്ടായില്ലെന്ന് യാത്രക്കാർ പറയുന്നു.

സ്വകാര്യ ബസിലെ ജീവനക്കാർക്ക് എത്താൻ സാധിക്കാഞ്ഞതിനാലും മിക്ക ബസുകളും മെയിന്റനൻസിനായി മാറ്റിയത് കൊണ്ടും ആവശ്യത്തിന് സർവ്വീസ് നടത്താനായില്ലെന്നാണ് സ്വകാര്യ ബസ് ഉടമകൾ പറയുന്നത്.

കെ.എസ്.ആർ.ടി.സി ആദ്യദിനത്തേക്കാൾ 8 സർവ്വീസുകൾ കൂടുതൽ നടത്തി. 160 സർവീസുകളാണ് നിശ്ചയിച്ചിരുന്നതെങ്കിലും ആളുകളുടെ എണ്ണം കൂടിയതിന് അനുസരിച്ച് കൂടുതൽ നടത്തുകയായിരുന്നു. ഇന്ന് പുലർച്ചെ ജില്ലയിലെത്തുന്ന മൂന്ന് ട്രെയിനുകളിലെ യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി. പ്രത്യേക സർവ്വീസ് ഒരുക്കിയിട്ടുണ്ട്. 50 ബസുകളാണ് ഓടുക.

"നിരത്തിൽ ആളുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് സർവ്വീസുകളുടെ എണ്ണം കൂട്ടുകയാണ് ചെയ്യുന്നത്. സാമൂഹിക അകലം പാലിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യാനാവില്ല."

വി.എം താജുദ്ദീൻ

ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ

കെ.എസ്.ആർ.ടി.സി, എറണാകുളം