കൊച്ചി: ദോഹ, ഒമാൻ എന്നിവിടങ്ങളിൽ നിന്നായി രണ്ട് വിമാനങ്ങളിൽ പ്രവാസികൾ എത്തി. ഒമാനിൽ നിന്നും പൊതുമാപ്പ് ലഭിച്ച 49 പ്രവാസികളും ദോഹയിൽ നിന്നുള്ള 185 പേരുമാണ് നെടുമ്പാശേരിയിലെത്തിയത്. ഒമാനിൽ നിന്ന് പൊതുമാപ്പ് ലഭിച്ചവർ മസ്‌കറ്റ് കൊച്ചി ഒമാൻ എയർ വിമാനത്തിലാണ് എത്തിയത്. വിവിധ കേസുകളിൽപ്പെട്ട് ജയിലിലായിരുന്ന ഇവർക്ക് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് പൊതുമാപ്പ് ലഭിച്ചത്. വിമാനത്താവളത്തിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഇവരെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. രാത്രി മസ്‌കറ്റിലേക്ക് മടങ്ങിയ വിമാനത്തിൽ 18 ഒമാൻ പൗരന്മാരും യാത്ര തിരിച്ചിട്ടുണ്ട്. കേരളത്തിൽ വിവിധ ആവശ്യങ്ങൾക്കെത്തി ലോക്ക് ഡൗണിനെ തുടർന്ന് കുടുങ്ങിപ്പോയവരാണ് സുരക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കി മടങ്ങിയത്.