കോലഞ്ചേരി: ലോക്ക് ഡൗണിൽ ഗ്ലാമർ കുറഞ്ഞ് സൗന്ദര്യ വർദ്ധക വിപണി. രണ്ട് മാസത്തിലേറെയായി തുടരുന്ന അടച്ചിടൽ വൻ തിരിച്ചടിയാണ് മേഖലയ്ക്കുണ്ടാക്കിയത്. പല ഉത്പന്നങ്ങളും വിറ്റഴിക്കാനാവാതെ ഉപയോഗ ശൂന്യമായി. വധു വരന്മാരെ ഒരുക്കാൻ കരുതി വച്ചതും പ്രതി ദിന ഉപയോഗങ്ങൾക്കുള്ള സൗന്ദര്യ സാധനങ്ങളടക്കം നശിച്ചവയിൽ പെടും. മേയ്ക്കപ്പ് കിറ്റുകൾ ഒന്നിലധികം പേർക്ക് ഉപയോഗിക്കാം. ഇങ്ങനെ മാറ്റി വച്ച 5000 രൂപ മുതൽ 20000 രൂപ വരെയുള്ള കിറ്റുകളാണ് നശിച്ചത്. സിനിമാ ഷൂട്ടിംഗും ഫോട്ടോ ഷൂട്ടും റിയാലിറ്റി ഷോകൾക്കുമെല്ലാം നിയന്ത്രണം വന്നതോടെ മേഖലയിലെ മൊത്തവ്യാപാരികളും പ്രതിസന്ധിയിലാണ്. ആഘോഷങ്ങൾ ഇനി ഇന്നു തുടങ്ങുമെന്ന് ഉറപ്പില്ലാത്തതിനാൽ പുതിയ സ്റ്റോക്ക് വാങ്ങിവെയ്ക്കാനും പലരും മടിക്കുന്നു.കടകൾ തുറന്നെങ്കിലും കച്ചവടം വളരെക്കുറവാണ്. സാധാരണയായി ഏപ്രിൽ, മേയ് മാസങ്ങളിൽ നല്ല കച്ചവടമുണ്ടാകുമായിരുന്നു. ഷാംപൂ, ഹെയർ ഡൈ, സോപ്പ് തുടങ്ങിയവ വാങ്ങാനാണ് കൂടുതൽ പേരും എത്തുന്നത്. ട്രിമ്മർ തുടങ്ങിയവ അന്വേഷിച്ച് വരുന്നവരാണ് കൂടുതലാണെന്ന് കച്ചവടക്കാർ പറയുന്നു.

രണ്ടോ മൂന്നോ മാസം മാത്രം കാലാവധിയുള്ള ഉല്പന്നങ്ങൾ സ്റ്റോക്കുണ്ടായിരുന്നത്.ഇവയെല്ലാം നശിച്ചു. മേയ്ക്കപ്പ്, ഫേഷ്യൽ കിറ്റുകൾ മുടി ഡൈ ചെയ്യുന്ന കെമിക്കലുകളടക്കം മൂന്നു ലക്ഷം രൂപയുടെ ഉത്പന്നങ്ങൾ നശിച്ചു.

ബെജി പീറ്റർ

എം.ഡി,

ലാമി ബ്യൂട്ടി പാർലർ