കോലഞ്ചേരി: 120 ബസുകളിൽ സർവീസ് നടത്തിയത് 20 എണ്ണം. ഓരോ ബസിലും പരമാവധി യാത്ര ചെയ്തത് പത്തിൽ താഴെ പേർ. സർവീസ് ആരംഭിച്ച് രണ്ടാം ദിനവും സ്വകാര്യ ബസുകൾക്ക് പറയാനുള്ളത് നഷ്ടക്കണക്ക് മാത്രം.ആലുവ, കോലഞ്ചേരി, കോതമംഗലം, അങ്കമാലി മേഖലകളിലേയ്ക്കാണ് ബസുകൾ സർവീസ് നടത്തിയത്. ആദ്യ ദിവസം തന്നെ വൻ നഷ്ടമായിരുന്നു. മൂന്ന് ജീവനക്കാരാണ് സാധാരണ ബസുകളിൽ തൊഴിലെടുക്കുന്നത്. എന്നാൽ, പ്രത്യേക സാഹചര്യത്തിൽ ഇത് രണ്ടായി ചുരുക്കി. പകുതി വേതനത്തിലും ജോലി ചെയ്യാൻ ജീവനക്കാർ തയ്യാറാകുന്നു എന്നത് മേഖലയിലെ തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതം തുറന്ന് കാട്ടുന്നു.
രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് ഏഴോടെ ബസുകൾ സർവീസ് അവസാനിപ്പിച്ചു. സാമൂഹീക അകലം പാലിച്ചും ഒരു സീറ്റിൽ ഒരാളെ ക്രമീകരിച്ചുമായിരുന്നു യാത്ര. ഇതരസംസ്ഥാന തൊഴിലാളികളായിരുന്നു യാത്രക്കാരിൽ അധികവും.ആദ്യ ദിവസത്തേക്കാൾ മാറ്റമുണ്ടെന്ന് തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം, ബസ് സർവീസ് രാവിലെയും, വൈകിട്ടും മാത്രമാക്കാൻ ബസുടമകൾ ആലോചിക്കുന്നുണ്ട്. എന്നാൽ സ്ഥിരമായി സർവീസ് നടത്തിയാൽ മാത്രമേ ആളുകൾ പൊതുഗതാഗത്തെ ആശ്രയിക്കൂ എന്നതിനാൽ സർവീസ് നടത്തുന്ന ബസുടമകളുടെ നഷ്ടത്തിന്റെ ഒരു വിഹിതം മറ്റ് ബസുടമകൾ നൽകുന്നത് സംബന്ധിച്ച് ചർച്ച നടക്കുന്നുണ്ട്.
കെ.എസ്.ആർ.ടി കൂടും
പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും 19 സർവീസുകൾ തുടങ്ങി. ആലുവ, മൂവാറ്റുപുഴ, കോതമംഗലം, കറുകപ്പിള്ളി ഭാഗങ്ങളിലേയ്ക്കാണ് സർവ്വീസ്. രാവിലെയും, വൈകിട്ടുമാണ് കൂടുതൽ സർവ്വീസുകൾ. തിരക്ക് കൂടുന്നതിനനുസരിച്ച് വരും ദിവസങ്ങളിൽ വണ്ടികളുടെ എണ്ണം കൂട്ടുമെന്ന് പെരുമ്പാവൂർ എ.ടി.ഒ പറഞ്ഞു.
രാവിലെ സർവീസ് തുടങ്ങി വൈകിട്ട് ട്രിപ്പ് അവസാനിപ്പിച്ചു. ഡീസലും, ബാറ്റയുമടക്കം നഷ്ടം 3000 രൂപ.
ജി.വിനോദ് കുമാർ
മേഖല വൈസ് പ്രസിഡന്റ്
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫോറം
തിങ്കളാഴ്ചയോടു കൂടി മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. സർക്കാർ ടാക്സിൽ നൽകിയ ഇളവ് വലിയ അനുഗ്രഹമായി.നഷ്ടം സഹിച്ചും സർവീസ് തുടരാൻ തന്നെയാണ് തീരുമാനം.
കെ.എം അലി
ഏരിയ പ്രസിഡന്റ്
കെ.ബി.ടി.എ പെരുമ്പാവൂർ