കൊച്ചി: തെരുവിൽ കഴിയുന്ന റോസിക്ക് ഇപ്പോൾ മക്കൾ ആറാണ്. അഞ്ചു പൂച്ചകളും ഒരു പട്ടിയും. ലോക്ക് ഡൗണിന് ഇളവുകിട്ടിയതോടെ കടവന്ത്രയിലെ വാടകവീട് ഒഴിഞ്ഞുപോയ കുടുംബം ഉപേക്ഷിച്ചുപോയതാണ് ഇതിൽ മൂന്നു പൂച്ചകൾ. റോസി ഉണ്ടില്ലെങ്കിലും അരുമകളെ ഊട്ടും. സാമൂഹിക അടുക്കള വഴിയായിരുന്നു ഭക്ഷണം. ഇപ്പോൾ അതും ഇല്ല. ഏതെങ്കിലും വഴിയിൽ കിട്ടുന്ന ഇത്തിരി ഭക്ഷണമായാലും അത് ആദ്യം അവയ്ക്കു നൽകും.
സ്നേഹം കൂടുമ്പോൾ പൂച്ചകൾ റോസിയുടെ തലയിൽ കയറിയിരുന്നാണ് കളി. ഇടയ്ക്കിടെ തലയിലിരുന്ന് ഉറങ്ങും. റോസി അനങ്ങാതിരുന്നുകൊടുക്കും.
വർഷങ്ങൾക്കു മുന്നേ എറണാകുളത്തെത്തിയ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിനി റോസി കുപ്പിയും പാട്ടയും പെറുക്കിയാണ് അന്നം തേടിയത്. ഇപ്പോൾ അതിനാവുന്നില്ല. ഗാന്ധിനഗറിലെ പുറംപോക്കിലുള്ള കാടുകയറിയ കെട്ടിടത്തിന്റെ ചായ്പിലാണ് വാസം. ഇതിനിടെ തെരുവിൽ കണ്ടുമുട്ടിയ പന്തളം സ്വദേശി അജയനെ കൂട്ടിനു കിട്ടി. മഴയും കാറ്റും കനത്തതോടെ ഭീതിയിലാണ് ഇവർ. വീടെന്ന സ്വപ്നമുണ്ട് ഇവരുടെയും മനസിൽ.