arogya
arogya

കൊച്ചി: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കി.

യാത്രക്കാരുടെ ഫോണില്‍ കൊറോണ വൈറസ് ട്രാക്കിംഗ് ആപ്ലിക്കേഷനായ ആപ്പ് നിര്‍ബന്ധമായും മൊബൈലില്‍ ഉണ്ടായിരിക്കണമെന്ന നിബന്ധനയുമായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആണ് രംഗത്തെത്തിയിരിക്കുന്നത്. വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തും. ആരോഗ്യ സേതുവില്‍ ഗ്രീന്‍ മോഡ് അല്ലാത്തവര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. എന്നാല്‍ 14 വയസ്സിന് താഴെ ഉള്ള കുട്ടികള്‍ക്ക് ആരോഗ്യസേതു നിര്‍ബന്ധമല്ല എന്നും എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

നേരത്തെ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ രാജധാനി ട്രെയിനുകളിലെ യാത്രയ്ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയിരുന്നു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയിരുന്നു. നൂറ് ശതമാനം ജീവനക്കാരും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നത് കമ്പനികള്‍ ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. അതുപോലെ രാജ്യത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്ളവര്‍ക്കും ആപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് ബാധിതനുമായി കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് ഈ ആപ്പിലൂടെയാണ് സര്‍ക്കാര്‍ ട്രാക്ക് ചെയ്യുക. ഇതിനനുസരിച്ച് കൂടിയ റിസ്‌കിലോ അല്ലെങ്കില്‍ ചെറിയതോതില്‍ റിസ്‌കിലോ ഉള്ള ജീവനക്കാര്‍ ഓഫീസില്‍ വരാന്‍ പാടില്ല.

ആപ്ലിക്കേഷനില്‍ സ്വന്തം സ്റ്റാറ്റസ് സേഫ് /ലോ റിസ്‌ക് കാണിച്ചാല്‍ മാത്രമേ ഓഫീസില്‍ ജോലിക്കെത്താവൂ. കൊവിഡ് വൈറസ് ബാധിച്ചവരുമായി സമ്പര്‍ക്കമുണ്ടായി എന്നു കരുതുന്നവര്‍ക്ക് ആപ്ലിക്കേഷനില്‍ ഹൈ റിസ്‌ക് എന്ന അലര്‍ട്ട് ലഭിക്കും. തുടര്‍ന്ന് സേഫ് സ്റ്റാറ്റസ് ലഭിക്കുന്നതുവരെ 14 ദിവസം സ്വയം നിരീക്ഷണത്തിന് വിധേയമാവണം എന്നാണ് നിര്‍ദ്ദേശം. കണ്ടെയ്ന്‍മെന്റ് സോണിലെ ഓരോ വ്യക്തികളേയും കൃത്യമായി പ്രത്യേകം നിരീക്ഷിക്കാന്‍ അധികൃതര്‍ക്ക് ആപ്പ് വഴി സാധിക്കും.