കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിർദേശിക്കാനും ഹൈക്കോടതി നിയോഗിച്ച ഉന്നതതല സമിതിയെ ഒഴിവാക്കി. ഇൗ സമിതി നിർദ്ദേശിച്ച പ്രവർത്തനങ്ങൾ എറണാകുളം ജില്ലാഭരണകൂടം ഏറ്റെടുത്ത് പൂർത്തിയാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. പേരണ്ടൂർ - തേവര കനാലിലെ നീരൊഴുക്ക് പുന:സ്ഥാപിച്ച് നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിനഗർ സ്വദേശിനി കെ.ജെ. ട്രീസ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം.
പേരണ്ടൂർ പാലംമുതൽ ചിറ്റൂർകായൽ വരെയുള്ള 2.5 കിലോമീറ്റർ കനാലിലെ ചെളി നീക്കംചെയ്ത് ഒഴുക്ക് പുന:സ്ഥാപിക്കുന്ന ജോലികൾ നഗരസഭ വേഗം പൂർത്തിയാക്കണമെന്നും കടവന്ത്ര ജി.സി.ഡി.എ മുതൽ കമ്മട്ടിപ്പാടം വരെ രണ്ടു കിലോമീറ്റർ കനാൽ അമൃത് ഉൾപ്പെടെയുള്ള ഏതെങ്കിലും പദ്ധതിയിൽപെടുത്തി നഗരസഭ വൃത്തിയാക്കണമെന്നും ഇതു പൂർത്തിയാക്കി മേയ് 29 നകം അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജി മേയ് 29 ന് വീണ്ടും പരിഗണിക്കും.
മറ്റു നിർദേശങ്ങൾ
കനാലിന്റെ പേരണ്ടൂർ ഭാഗത്ത് അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും സമീപത്തെ പറമ്പിലേക്ക് മാറ്റാൻ ദുരന്ത നിവാരണ നിയമപ്രകാരം കളക്ടർക്ക് നടപടിയെടുക്കാം. റവന്യൂരേഖകളിൽ പറമ്പുകൾ നിലമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും ഭൂമി നെൽക്കൃഷിക്ക് യോഗ്യമല്ലെന്ന് സർക്കാരിനുവേണ്ടി ഹാജരായ എ.ജി വിശദീകരിച്ചിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കളക്ടർക്ക് നിയമപരമായ അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
കനാലിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെയുള്ള പൈലിംഗിന്റെയും സ്ളാബിംഗിന്റെയും ജോലികൾ തുടരാം. രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കണം. കൊച്ചി നഗരസഭയെ ഇതിൽനിന്നു തടഞ്ഞ് ഫെബ്രുവരി അഞ്ചിനു നൽകിയ ഉത്തരവ് നീക്കി.
പേരണ്ടൂർ കനാലിലെ 23 റെയിൽവെ കലുങ്കുകളിലെ നീരൊഴുക്ക് സുഗമമാക്കാൻ ജില്ലാഭരണകൂടം നടപടിയെടുക്കണം. അനുമതിതേടി അപേക്ഷ നൽകിയാൽ റെയിൽവെ ഏരിയ മാനേജർ അനുമതിയും സഹായവും നൽകണം.
നഗരസഭയുടെ പരിധിയിലുള്ള കാനകൾ വൃത്തിയാക്കണം. ഇതു ചെയ്യുമ്പോൾ കാൽനടക്കാർക്കായുള്ള കൈവരികളും വാഹനഗതാഗതം നിരോധിച്ച് ഫുട്പാത്തിൽ സ്ഥാപിച്ച അറിയിപ്പുകളും സംരക്ഷിക്കണം.
ഇടപ്പള്ളി - എം.ജി റോഡിലെ കാനകളുടെ ശുചീകരണത്തിന് കൊച്ചി മെട്രോ റെയിൽ അധികൃതർ കൊച്ചി നഗരസഭയെ സഹായിക്കണം. ഫുട്പാത്തിൽ സ്ളാബുകളും ഇന്റർലോക്കിംഗ് ടൈലുകളും സ്ഥാപിച്ചത് കെ.എം.ആർ.എൽ ആണ്. ഇടപ്പള്ളി മെട്രോസ്റ്റേഷൻ മുതൽ എം.ജി റോഡ് ജോസ് ജംഗ്ഷൻ വരെയുള്ള ഭാഗത്തെ കാനകളിൽ മാൻഹോളുകൾ നിർമ്മിക്കാനുള്ള ശുപാർശയും കെ.എം.ആർ.എൽ നൽകണം.
സീനത്തോട്ടിലെ കൈയേറ്റം ഒഴിപ്പിക്കാനായി നോട്ടീസ് നൽകി നടപടി സ്വീകരിച്ച് ഹൈക്കോടതിയിൽ അറിയിക്കണം. ഉദയനഗർ കോളനിയിൽ അടുത്ത മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാവാതിരിക്കാൻ എന്തു ചെയ്യാനാവുമെന്നും നഗരസഭ അറിയിക്കണം.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെ കളക്ടർക്ക് തിരക്കുകൾ ഏറെയുള്ളതിനാൽ ഒരു സീനിയർ ഉദ്യോഗസ്ഥനെ നടപടികളുടെ ഏകോപനത്തിനായി നിയോഗിക്കാം.