കൊച്ചി: കെ.എസ്.ആർ.ടി.സിക്ക് പിന്നാലെ നിരത്തിലിറങ്ങിയ സ്വകാര്യബസുകൾക്ക് രണ്ടാം ദിനവും പറയാനുള്ളത് നഷ്‌ടക്കണക്ക് മാത്രം. വ്യാഴാഴ്ചത്തെ സർവീസ് ഡീസൽ തുകയ്ക്ക് പോലും തികയാതെ വന്നതോടെ ഇന്നലെ ബസുകളുടെ എണ്ണം കുറഞ്ഞു. ആദ്യദിവസം 150 ബസുകൾ സർവീസ് നടത്തിയെങ്കിൽ ഇന്നലെ അത് 120 ആയി . കാശില്ലാതെ വലയുന്ന ഈ സമയത്ത് ജീവനക്കാർക്കുള്ള കൂലി സ്വന്തം പോക്കറ്റിൽ നിന്ന് കൊടുക്കാൻ കഴിയില്ലെന്നാണ് ബസുടമകൾ പറയുന്നത്. ഡ്രൈവർക്ക് 1100 രൂപയും കണ്ടക്‌ടർക്ക് 900 രൂപയുമാണ് പ്രതിദിന വേതനം. ജൂൺ ഒന്നു മുതൽ സർവീസ് മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് സ്വകാര്യ ബസ് മേഖല.

# കാത്തുനിന്ന് വലഞ്ഞ് യാത്രക്കാർ

ബസുണ്ടാകുമെന്ന വിശ്വാസത്തിൽ പുറത്തിറങ്ങിയാൽ പണി കിട്ടുമെന്നാണ് സ്ഥിരം യാത്രക്കാരുടെ അഭിപ്രായം. ഇന്നലെ രാവിലെ 9 മണിയോടെ ഇടക്കൊച്ചിയിൽ നിന്ന് ആലുവയിലേക്കുള്ള ബസിൽ കയറിയ യാത്രക്കാരിയുടെ അനുഭവം ഇങ്ങനെ. നിറയെ യാത്രക്കാരുമായിരുന്നു ബസിന്റെ വരവ്. ധാരാളം പേർ നിന്നു യാത്ര ചെയ്യുന്നതു കാര്യമാക്കാതെ എല്ലാ സ്റ്റോപ്പുകളിൽ നിന്നും ബസിൽ ആളുകളെ കയറ്റിക്കൊണ്ടിരുന്നു. നേവൽബേസിലെത്തിയപ്പോൾ വഴിയിൽ നിന്ന പൊലീസുകാരൻ ഫോട്ടോ എടുക്കുന്നത് കണ്ടു. അടുത്ത സ്റ്റോപ്പായ തേവരയിൽ പൊലീസ് ബസ് നിർത്തിച്ചു. പതിനായിരം രൂപ പിഴ അടയ്ക്കണമെന്ന് നിർദേശം നൽകി. സർവീസ് ഇവിടെ അവസാനിച്ചുവെന്ന് ജീവനക്കാർ അറിയിച്ചതോടെ യാത്രക്കാർ ഇറങ്ങി. അര മണിക്കൂറിന് ശേഷം വന്ന അടുത്ത ബസിൽ കുറച്ചു പേർ കയറിപ്പറ്റി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു സർവീസ് . വീണ്ടും ടിക്കറ്റെടുക്കേണ്ടി വന്നതിനാൽ ധനനഷ്‌ടവും സമയനഷ്‌ടവുമാണെന്ന പരാതിയോടെ 10.45 ന് യാത്രക്കാരി കലൂരിൽ ഇറങ്ങി.

# സർവീസ് പേരിന് മാത്രം

പൂത്തോട്ട,പറവൂർ, ആലുവ, ഫോർട്ടുകൊച്ചി, ചിറ്റൂർ, കാക്കനാട് തുടങ്ങി എല്ലാ മേഖലകളിലേക്കും സ്വകാര്യ ബസുകൾ സർവീസ് നടത്തി. ഒരു മണിക്കൂർ ഇടവിട്ടായിരുന്നു സർവീസ്. ഒന്നര മണിക്കൂർ നിന്നിട്ടും ബസിൽ ഇടം കിട്ടാതെ വന്നതോടെ ഇടയ്ക്കുള്ള സ്റ്റോപ്പുകളിൽ കാത്തുനിന്ന പലരും വീടുകളിലേക്ക് തിരിച്ചുപോയി

# നിയമലംഘനം :

നടപടി അംഗീകരിക്കുന്നു

കൊവിഡ് -19 മാനദണ്ഡങ്ങൾ ലംഘിച്ച് സർവീസ് നടത്തണമെന്ന് ജീവനക്കാർക്ക് കർശന നിർദേശം നൽകിയിരുന്നു. ഇത് ലംഘിക്കുന്നവർക്കെതിരെയുള്ള പൊലീസ് നടപടിയെ അംഗീകരിക്കുന്നു

എം.ബി.സത്യൻ

പ്രൈവറ്റ് ബസ് ഓപ്പറേറ്റർ

ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്