ചെന്നൈ: ചെന്നൈയിലെ ചേരികളിൽ കൊവിഡ് പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്നതിനാൽ സന്നദ്ധസംഘടനകളെ ഉൾപ്പെടുത്തി പരിശോധന ശക്തമാക്കുന്നു. ചെന്നൈയിലെ മിക്ക കേസുകളും ചേരി പ്രദേശങ്ങളിൽ നിന്നും തിരക്കേറിയ പ്രദേശങ്ങളിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 30,000 ത്തിലധികം ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ 2500 പേരുടെ ഒരു ടീമിനെ രൂപീകരിച്ചു. പുതിയ പദ്ധതി പ്രകാരം ഈ പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഒപ്പം സർക്കാർ ആശയവിനിമയം ഫലപ്രദമാക്കുകയും ഓരോ വീടുകളുടെയും കാര്യക്ഷമമായ നിരീക്ഷണം ഉറപ്പാക്കുകയും ചെയ്യും.
ചെന്നൈയിൽ ഇതുവരെ 8,893 കൊവിഡ് -19 കേസുകളും 66 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഒരു ചതുരശ്ര കിലോമീറ്ററിന് 25,000 ത്തിലധികം ജനസാന്ദ്രത ഉള്ള നഗരത്തിലെ പരിശോധന നിരക്ക് 4,070 ആണ്. എൻജിഒകളുടെ സഹായത്തോടെ പ്രദേശവാസികൾ സന്നദ്ധപ്രവർത്തകരായി ഏർപ്പെട്ടിട്ടുണ്ടെന്ന് ചെന്നൈ നഗര മേഖലയിലെ നിയന്ത്രണ നടപടികളുടെ ഏകോപന ചുമതലയുള്ള നോഡൽ ഓഫീസർ ജെ. രാധാകൃഷ്ണൻ പറഞ്ഞു. സന്നദ്ധപ്രവർത്തകരുടെ സംരക്ഷണത്തിനായി ഞങ്ങൾ എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കുന്നു. ഈ സന്നദ്ധപ്രവർത്തകർക്ക് പ്രാദേശികമായും തങ്ങളുടെ ഫോക്കസ് ഏരിയകളിലെ ആളുകളുമായും പരിചയമുണ്ടാകും. ചേരികളിൽ ഓരോ വീട്ടിലും 10 അംഗങ്ങൾ വരെയുണ്ട്. ഒരു കണ്ടെയ്‌ൻമെൻറ് ഏരിയയിൽ ഒരു വീട്ടിലെ 11 അംഗങ്ങൾക്ക് കൊവിഡ് ബാധിച്ചു. അതിൽ എട്ട് പേർ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. വൈറസ് ബാധ തടയുന്നതിനായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. റോയപുരം, തോണ്ടിയാർപേട്ട്, തിരുവികാനഗർ എന്നിവിടങ്ങളിൽ കേസുകൾ കൂടുതലുള്ളതിനാൽ നിയന്ത്രണ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 200 ചേരി പ്രദേശങ്ങളിൽ നിന്ന് സന്നദ്ധപ്രവർത്തകരുടെ ടീമുകൾ വിവരങ്ങൾ ശേഖരിക്കും.