പിറവം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ പിറവം നിയോജകമണ്ഡലത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യമായി മരുന്നു നൽകുന്ന അനൂപ് ജേക്കബ് എം.എൽ.എയുടെ ആശ്വാസ് പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. മരുന്ന് വിതരണോദ്ഘാടനം പിറവത്ത് നടന്ന ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. രണ്ടാം ഘട്ടത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കാൻസർ രോഗികൾക്കും മരുന്ന് വിതരണം ചെയ്യും. ഇത്തരത്തിലുള്ള രോഗികൾക്ക് ഒരു പ്രാവശ്യത്തേക്കുള്ള നിശ്ചിത തുകയ്ക്കുള്ള മരുന്നു വിതരണം ചെയ്യും.380 രോഗികൾക്കായി നാലു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ മരുന്ന് ആദ്യഘട്ടത്തിൽ വിതരണം ചെയ്തു.ഫ്ലാഗ് ഒഫ് ചടങ്ങിൽ ബി.പി.സി.എൽ ജനറൽ മാനേജർ അഡ്മിനിസ്ട്രേഷൻ ജോർജ് തോമസ്, ഐ.എം.എയുടെ കൊവിഡിന്റെ കോർഡിനേറ്റർ ഡോ.ജുനൈദ് റഹ്മാൻ, വിത്സൻ കെ.ജോൺ, രാജു പാണാലിക്കൽ, അന്നമ്മ ടോമി തുടങ്ങിയവർ പങ്കെടുത്തു. എം.എൽ.എയുടെ രണ്ടു മാസത്തെ ശമ്പളവും ഇതിനായി നീക്കിവച്ചിട്ടുണ്ട്.