കുറുപ്പംപടി: മഴക്കാലത്തിന് മുന്നേ പെരുമഴ എത്തിയതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. പ്രളയ സാദ്ധ്യത മുന്നിൽക്കണ്ടാണ് നടപടി. മഹാപ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച ഒക്കൽ, കൂവപ്പടി, വേങ്ങൂർ പഞ്ചായത്തുകളിൽ മാപ്പിംഗ് രേഖപ്പെടുത്തും. ബ്ലോക്ക് പരിധിയിലുള്ള ആറ് പഞ്ചായത്തുകളിലും വാർഡുകൾ കേന്ദ്രീകരിച്ച് അഞ്ച് പേരുടെ സന്നദ്ധ സേന രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് വേണ്ടിയുള്ള കേന്ദ്രങ്ങളുടെ ലിസ്റ്റ് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ തയ്യാറാക്കും.സന്നദ്ധ പ്രവർത്തകർക്ക് ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിവിധ ഘട്ടങ്ങളിലായി പരിശീലനം നൽകും.

അതേസമയം, ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ടിൽ നിന്ന് ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള രക്ഷാ ഉപകരണങ്ങൾ വാങ്ങാനും ബ്ലോക്ക് പഞ്ചായത്ത് യോഗം തീരുമാനിച്ചിട്ടുണ്ട്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, സ്ഥിരം സമിതി ചെയർമാൻമാരായ സിസിലി ഇയ്യോബ്, സീന ബിജു, അംഗങ്ങളായ കെ പി വർഗീസ്, ജോബി മാത്യു, പ്രീത സുകു,സരള കൃഷ്ണൻകുട്ടി, ഗായത്രി വിനോദ്, ബിഡിഒ വി എൻ സേതുലക്ഷ്മി, വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

യോഗം 27ന്

പ്രളയ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ആദ്യപടിയായി ബ്ലോക്ക് പഞ്ചായത്തിൽ നേരത്തെ രൂപീകരിച്ചിട്ടുള്ള ദുരന്തനിവാരണ സേന പ്രവർത്തകർ, ഫയർഫോഴ്‌സ് ഉൾപ്പെടെയുളള വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെ യോഗം ഈ മാസം 27 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരും, രണ്ടാം ഘട്ടമായി കഴിഞ്ഞ പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരുടെയും, മൂന്നാം ഘട്ടമായി വാർഡ് അടിസ്ഥാനത്തിലുള്ള സന്നദ്ധ സേനാ അംഗങ്ങളുടെയും യോഗം ചേരും. സന്നദ്ധ സേന അംഗങ്ങൾക്ക് പരിശീലനം നാലാം ഘട്ടത്തിൽ നടത്തും.