പറവൂർ: രാജ്യത്തെ മുഴുവൻ കർഷകർക്കും ധനസഹായം ലഭിക്കുന്നതിനുവേണ്ടി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻനിധി അപേക്ഷകൾ കൃഷിഭവനുകൾ നിരസിക്കുന്നതായി പരാതി. മത്സ്യതൊഴിലാളികളേയും കിസാൻ സമ്മാൻനിധിയിലേക്ക് ഉൾപ്പെടുത്തിയതോടുകൂടി ധാരാളം പേരാണ് അപേക്ഷയുമായി കൃഷിഭവനിലേക്ക് എത്തുന്നത്. ഇവരെ മുടന്തൻന്യായങ്ങൾ പറഞ്ഞ് മടക്കി വിടുകയാണ് കൃഷിഭവനിലെ ഉദ്യോഗസ്ഥർ ചെയ്യുന്നത്. ലോക്ക് ഡൗൺ കാലയളവിൽ കിസാൻ സമ്മാൻനിധിയിൽ ചേർന്നവർക്കെല്ലാം രണ്ടായിരം രൂപ വീതം ലഭിക്കുകയുണ്ടായി. കേന്ദ്ര സർക്കാർ പദ്ധതികൾ സാധാരണക്കാരായ ജനങ്ങളിലേക്കെത്താതിരിക്കാൻ കൃഷി ഉദ്യോഗസ്ഥർ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ടി.എ.ദിലീപ് പറഞ്ഞു.