പറവൂർ : പറവൂർ നഗരസഭാ അതിർത്തിയിൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലങ്ങളിലും തരിശു, സ്വകാര്യ ഭൂമിയിലായി പത്ത് ഏക്കറിലെങ്കിലും കൃഷി ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കും. എല്ലാ വാർഡുകളിലും തരിശുഭൂമി കണ്ടെത്തി കൃഷിചെയ്യും. മതസ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ തുടങ്ങി കൂടുതൽസ്ഥലം കൈവശമുള്ളവരെ കൃഷിചെയ്യുവാൻ പ്രോത്സാഹിപ്പിക്കും. നിശ്ചിത സമയത്തേക്ക് ഭൂമി വിട്ടുനൽകുന്നവർക്ക് ആവശ്യമെങ്കിൽ നഗരസഭ ഗാരണ്ടി നൽകും. നഗരസഭാ ടൗൺ ഹാളിൽ ചെയർമാൻ ഡി. രാജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വൈസ് ചെയർപേഴ്സൺ ജെസി രാജു, ടി.വി. നിഥിൻ, പ്രദീപ് തോപ്പിൽ, ഡെന്നീ തോമസ്, വി.എ. പ്രഭാവതി, കെ.എ. വിദ്യാനന്ദൻ, രമേശ് ഡി. കുറുപ്പ്, കൃഷി ഓഫീസർ ലൂസിയ മെൻഡസ് തുടങ്ങിയവർ പങ്കെടുത്തു.

# നഗരത്തിലെ മൂവായിരം വീടുകളിലായി 75,000 പച്ചക്കറി തൈകളും ചീരവിത്തുകളും നൽകും.

# സ്ഥലമില്ലാവർക്കായി മട്ടുപ്പാവ് കൃഷി നടപ്പിലാക്കും.

# ഗ്രോബാഗുകളും കിഴങ്ങും വർഗ്ഗങ്ങളും വിതരണം ചെയ്യും.

# സർക്കാർ സ്ഥാപനങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കും.

# പച്ചക്കറി, വാഴ, പയർ, മരച്ചീനി തുടങ്ങിയവ കൃഷി ചെയ്യും.

# കൗൺസിലറുമാരുടെ നേതൃത്വത്തിൽ വാർഡുതല സമിതികൾ

# സഹകരണ സ്ഥാപനങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കർഷക ഗ്രൂപ്പുകൾ എന്നിവരുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കും.