കൊച്ചി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വെണ്ണല സർവീസ് സഹകരണ ബാങ്ക് വീട്ടുമുറ്റം, മട്ടുപ്പാവ് കൃഷിക്കാവശ്യമായ ഗ്രോബാഗുകൾ ചെടികൾ,വിത്തുകൾ എന്നിവയുടെ വിതരണം ആരംഭിച്ചു. തക്കാളി, വെണ്ട, പയർ, വഴുതന, മുളക് എന്നിവയുടെ തൈകളും, പടവലം, പീച്ചിൽ, ചീര, കുറ്റി അമര, കുറ്റി പയർ എന്നിവയുടെ വിത്തുകളുമാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 1200 ഗ്രോബാഗുകളും അതിനാവശ്യമായ ചെടികളും 500 പായ്ക്കറ്റ് പച്ചക്കറിവിത്തുകളുമാണ് നൽകുന്നത്. പച്ചക്കറിതൈകളുടെയും ഗ്രോബാഗിന്റെയും വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ചളിക്കവട്ടം മഹിളാസമാജം സെക്രട്ടറി രജനികുഞ്ഞപ്പന് നൽകി നിർവഹിച്ചു. ഭരണ സമിതിഅംഗം എസ്. മോഹൻദാസ്, സെക്രട്ടറി എം.എൻ. ലാജി, ടി.എസ്. ഹരി, സുനിതാ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.