ആലുവ: ക്വാറന്റെെൻ ലംഘനവുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. ശ്രീമൂലനഗരത്ത് താമസിക്കുന്ന യുവാവിനെതിരെയാണ് കാലടിയിൽ കേസെടുത്തിട്ടുള്ളത്. തമിഴ്‌നാട്ടിൽ നിന്നും കുമളി ചെക്ക് പോസ്റ്റ് വഴി കഴിഞ്ഞ 19നാണ് ഇയാൾ നാട്ടിലെത്തിയത്. ഹോം ക്വാറന്റെെയിനിൽ കഴിയണമെന്ന് നിർദേശിച്ചെങ്കിലും പുറത്തിറങ്ങി നടക്കുകയായിരുന്നു. നാട്ടുകാർ ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്നാണ് നടപടി.

പൊള്ളാച്ചി സ്വദേശിക്കെതിരെയാണ് കോതമംഗലത്ത് കേസെടുത്തിരിക്കുന്നത്. കോതമംഗലത്ത് കട നടത്തുന്ന ഇയാൾ രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ക്വാറന്റൈനിൽ പ്രവേശിക്കാതെ പിറ്റേന്ന് കട തുറക്കുകയായിരുന്നു. എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരം കേസെടുത്ത ശേഷം ഇവരെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈനിലേക്ക് മാറ്റി. ക്വാറന്റൈൻ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. ക്വാറന്റൈനിൽ കഴിയുന്നവരെ പൊലീസിന്റെ ഹാപ്പി അറ്റ് ഹോം എന്ന ആപ്ലിക്കേഷൻ വഴി നിരീക്ഷിക്കുന്നുണ്ട്.