cial

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ നിന്ന് മേയ് 25 (തിങ്കൾ) മുതൽ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 30 ശതമാനം സർവീസ് നടത്താൻ വിമാനക്കമ്പനികൾക്ക് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്ന് ആഴ്‌ചയിൽ 113 സർവീസുകളുണ്ടാകും.

ജൂൺ 30 വരെയുള്ള ആദ്യഘട്ട സർവീസ് അഗത്തി, കോഴിക്കോട്, കണ്ണൂർ, ബംഗളൂരു, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, മുംബയ്, മൈസൂർ, പൂനെ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ്. വിമാനക്കമ്പനികൾ ഓൺലൈൻ ബുക്കിംഗ് തുടങ്ങി. വെബ് ചെക്ക്-ഇൻ, സ്വയം സത്യവാങ്മൂലം, ആരോഗ്യ സേതു ആപ്പ് തുടങ്ങി കേന്ദ്ര കർശന സുരക്ഷാ മാനദണ്ഡങ്ങൾ യാത്രക്കാർ പാലിക്കണം. യാത്രയ്ക്ക് നാലുമണിക്കൂർ മുമ്പ് ടെർമിനലിൽ എത്തണം.

എയർ ഏഷ്യ, എയർ ഇന്ത്യ, അലയൻസ് എയർ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, വിസ്താര, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവയാണ് കൊച്ചിയിൽ നിന്ന് സർവീസ് നടത്തുക. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവർ അതത് സ്ഥലങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. കൊച്ചിയിൽ എത്തുന്നവർ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച നിബന്ധന പാലിക്കണം.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

 വെബ് ചെക്ക്-ഇൻ ചെയ്യണം. മാസ്‌ക് നിർബന്ധം.

 ബോർഡിംഗ് ഗേറ്റിലേക്ക് പോകുമ്പോൾ വിമാനത്തിൽ ഉപയോഗിക്കാൻ ഫേസ് ഷീൽഡ്, മാസ്‌ക്, സാനിറ്റൈസർ പായ്ക്കറ്റുകൾ എന്നിവയുള്ള കിറ്റ് എയർലൈനുകൾ നൽകും.

 ഒരു ഹാൻഡ് ബാഗേജ് മാത്രം അനുവദിക്കും

 വിമാനത്താവളത്തിൽ സാമൂഹിക അകലം പാലിക്കണം. വരിയിൽ നിൽക്കുമ്പോൾ തറയിലെ അടയാളങ്ങളിൽ നിൽക്കുക.

 മൊബൈൽ ഫോണിൽ ആരോഗ്യ സേതു ആപ്പ് നിർബന്ധം. ഇത്, വിമാനത്താവളത്തിലെ ജീവനക്കാരനെ കാണിക്കണം. ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഹെൽഹപ് ഡെസ്‌കിന്റെ സേവനം ലഭ്യമാണ്.

 ശരീശ ഊഷ്‌മാവ് പരിശോധിക്കാൻ പ്രത്യേക സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.

 സുരക്ഷാ ബോക്‌സിൽ കണ്ണാടി സ്‌ക്രീനിനുള്ളിലെ സി.ഐ.എസ്.എഫ് ജീവനക്കാർക്ക് വെബ് ചെക്ക്-ഇൻ ചെയ്‌ത ബോർഡിംഗ് പാസ് കാണിക്കണം.

 ബോർഡിംഗ് അറിയിപ്പ് വന്നാൽ, എയ്‌റോബ്രിഡ്ജിൽ പ്രവേശിക്കുന്നതിന് മുമ്പ് വിമാന ജീവനഎയർലൈൻ ജീവനക്കാർ നൽകുന്ന സുരക്ഷാ കിറ്റ് വാങ്ങണം.

 ഇവിടെ സജ്ജമാക്കിയിട്ടുള്ള കാമറയിൽ ഫോണിലെ ബോർഡിംഗ് പാസ് കാണിക്കണം
 ശരീര ഊഷ്മാവ് പരിശോധന ഇവിടെയുമുണ്ടാകും.

 കൂടിയ ഊഷ്മാവ് തിരിച്ചറിയപ്പെട്ടാൽ യാത്രക്കാരനെ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷൻ ഭാഗത്തേക്ക് മാറ്റും. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്കും.

 യാത്രക്കാർ ട്രോളികൾ ഉപയോഗിക്കാൻ പാടില്ല.

 പ്രീ പെയ്ഡ് ടാക്‌സി സൗകര്യം ലഭ്യമാണ്.