ടോറസ് ലോറികൾക്കെതിരെ നടപടിയെടുക്കണമെന്ന്
മൂവാറ്റുപുഴ : ലോക്ക് ഡൗൺ ഇളവ് മുതലെടുത്ത് ടോറസ് ലോറികളുടെ മരണപ്പാച്ചിൽ. മൂവാറ്റുപുഴ-കാക്കനാട്-കലൂർ റൂട്ടുകളിലാണ് ടോറസുകൾ അമിത വേഗത്തിൽ പായുന്നത്. കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട ടോറസ് നെല്ലാട് റോഡരുകിലേക്ക് ഇടിച്ചു കയറിയിരുന്നു. ഈ സമയം കാൽനട യാത്രക്കാരോ മറ്റു വാഹനങ്ങളോ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ആക്ഷേപങ്ങളും ആരോപണങ്ങളും ഉയർന്നിട്ടും ഒന്നുമറിയാത്തമട്ടിലാണ് പൊലീസും മോട്ടോർ വാഹന വകുപ്പും.
നേരത്തെ അമിതവേഗത്തിൽ പാഞ്ഞ് അപകടം സൃഷ്ടിക്കുന്ന ലോറികൾ നാട്ടുകാർ തടഞ്ഞിരുന്നു. എന്നാൽ പൊലീസും മോട്ടോർ വാഹന വകുപ്പും ശക്തമായ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ഇതാണ് നിയമങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് വീണ്ടും ടോറസ് ലോറികൾ നിരത്തിൽ മരണപ്പാച്ചിൽ നടത്താൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇരുചക്ര വാഹന യാത്രക്കാരും കാൽനടയാത്രക്കാരുമാണ് ലോറികളുടെ അമിതവേഗതയിൽ ഭീതിയിലായിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസ് പുനരാരംഭിച്ച സാഹചര്യത്തിൽ മിന്നൽ വേഗത്തിൽ ഓടുന്ന ടോറസ് ലോറികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വൻ ദുരന്തത്തിന് നാട് സാക്ഷിയാകേണ്ടിവരും.