കൊച്ചി : ഭർതൃപിതാവിന്റെ അപേക്ഷയിൽ തന്റെയും മക്കളുടെയും പേരുകൾ റേഷൻകാർഡിൽ നിന്നു നീക്കിയതിനെതിരെ കാക്കനാട് സ്വദേശിനി നൽകിയ ഹർജിയിൽ ഇവർക്കും മക്കൾക്കും അടിയന്തരമായി ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. ഹർജി രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.
ഭർത്താവ് ഉപേക്ഷിച്ചുപോയിട്ടും ഹർജിക്കാരിയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളും ഭർതൃവീട്ടിലാണ് താമസം. റേഷൻകാർഡ് പുതുക്കിയപ്പോൾ ഇവരുടെ പേരുകൾ ഭർതൃപിതാവിന്റെ അപേക്ഷയിൽ നീക്കിയെന്നാണ് ഹർജിയിൽ പറയുന്നത്. ഭാര്യ മരിച്ചതോടെ ഭർതൃപിതാവ് മകളുടെ കുടുംബത്തിനൊപ്പമാണ് താമസം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തനിക്ക് തൊഴിലും വരുമാനവുമില്ലാതായെന്നും റേഷൻകാർഡിൽ പേരില്ലാത്തതിനാൽ റേഷൻ ലഭിക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു. ഇതിനാൽ പ്രത്യേകം റേഷൻകാർഡ് അനുവദിക്കുകയോ തന്റെയും മക്കളുടെയും പേര് നിലവിലെ റേഷൻകാർഡിൽ ചേർക്കുകയോ വേണമെന്നാണ് ആവശ്യം. തന്റെ മക്കളിലൊരാൾ വൃക്കരോഗിയാണെന്നും ഹർജിയിൽ പറയുന്നു. ഇന്നലെ ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് ഹർജിക്കാരിയും മക്കളും അനുഭവിക്കുന്ന ദുരിതം വിലയിരുത്തിയാണ് അടിയന്തരമായി സർക്കാർ ഭക്ഷ്യവസ്തുക്കൾ എത്തിച്ചുകൊടുക്കാൻ നിർദേശിച്ചത്.