വടക്കാഞ്ചേരി: ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്തെ വിൽപന കേന്ദ്രത്തിൽ നിന്ന് 30 കിലോ അഴുകിയ അയല മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു. അയലയിൽ പുഴു കണ്ടെത്തിയെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. ജില്ലയിൽ പരിശോധന നടത്തിയ പലയിടത്തും ലൈസൻസ് ഇല്ലാതെയാണ് മത്സ്യ വിൽപ്പന നടത്തുന്നതെന്ന് കണ്ടെത്തിയതായി ഫുഡ് സേഫ്റ്റി ഓഫീസർ വി.കെ. പ്രദീപ് കുമാർ പറഞ്ഞു. ലൈസൻസ് ഇല്ലാതെ മത്സ്യം വിറ്റാൽ അഞ്ചുലക്ഷം ലക്ഷം രൂപ പിഴയും ആറുമാസം തടവുശിക്ഷയും ലഭിക്കുന്ന കുറ്റമാണ്. മത്സ്യം തിരഞ്ഞെടുക്കുമ്പോൾ ഉപഭോക്താക്കളും ജാഗ്രത പാലിക്കണം. കണ്ണുകളിൽ നല്ല തിളക്കവും കറുപ്പ് നിറവും ഉള്ളവയാണ് ഗുണനിലവാരമുള്ള മീനുകൾ. കണ്ണിനു ചുറ്റും ചുമപ്പ് നിറം കാണ്ടുതുടങ്ങിയാൽ മീൻ അഴുകാൻ തുടങ്ങി. കണ്ണ് വെളുത്ത പാട വന്നു മൂടിയാലും അഴുകിയ മീനായിരിക്കും. കേടുവന്ന മീനിന്റെ ചെകിള യിൽ വഴു വഴുപ്പുള്ള ദ്രാവകം ഉണ്ടായിരിക്കും. അമോണിയ, ഫോർമാലിൻ എന്നീ രാസവസ്തുക്കൾ ചേർത്താൽ മീനിന്റെ കണ്ണുകൾ നീല നിറമായി മാറുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർമാരായ വി. കെ. പ്രദീപ് കുമാർ, ലിഷ എന്നിവർ പരിശോധന ക്കു നേതൃത്വം നൽകി.