ആലുവ: വൈൻ നിർമ്മാണത്തിന് ഫേസ്ബുക്കിലൂടെ അനുഗ്രഹം തേടിയ യുവാവിന് ആവോളം 'അനുഗ്രഹം' നൽകി എക്‌സൈസ് വകുപ്പ്. 'വൈഫ് ഹൗസിലെ പൈനാപ്പിൾ കൃഷി, ഒരു ലോഡ് ഇറക്കി. ഒരു കുക്കുടാച്ചി സാധനം ഉണ്ടാക്കാൻ പോകുന്നു. ഏവരുടേയും, എക്‌സൈസുകാരുടേയും അനുഗ്രഹം വേണം' എന്ന അടിക്കുറിപ്പോടെ അങ്കമാലി കിടങ്ങൂർ സ്വദേശി ആലുക്കാപ്പറമ്പിൽ ഷിനോമോൻ ചാക്കോ (32) ആണ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.
ഇത് ശ്രദ്ധയിൽപ്പെട്ട ജില്ല ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എ.എസ്. രഞ്ജിത്കുമാർ അന്വേഷണത്തിന് നിർദ്ദേശം നൽകി. ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സോജൻ സെബാസ്റ്റ്യനും സംഘവും ഷിനോമോന്റെ വീട് പരിശോധിച്ചപ്പോാണ് സ്റ്റോർ മുറിയിൽ വൈനുണ്ടാക്കാൻ കെട്ടിവെച്ച അഞ്ചുലിറ്റർ വാഷ് കണ്ടെടുത്തത്. ഇയാൾക്കെതിരെ എക്‌സൈസ് കേസെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ കെ.എച്ച്. അനിൽകുമാർ, പി.കെ. ഗോപി, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എം. അരുൺകുമാർ, പി.എസ്. ബസന്ത് കുമാർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ നീതു എന്നിവർ പങ്കെടുത്തു.