കോലഞ്ചേരി: ആപ്പു വരും എല്ലാം ശരിയാകും.... വെർച്ച്വൽ ക്യൂ സംവിധാനത്തിന് ബെവ്ക്കോയ്ക്ക് വേണ്ടി തയ്യാറാക്കിയ ആപ്പിനെ സംബന്ധിച്ച വിശദീകരണവുമായി ഫെയർ കോഡ് ടെക്നോളജീസ് ഫേസ് ബുക്കിലെത്തി.
ആപ്പിനു ഇതു വരെ പേരു കണ്ടെത്തിയിട്ടില്ലെന്നും നിലവിൽ പറഞ്ഞു കേൾക്കുന്ന പേരുകൾ സാങ്കല്പികം മാത്രം. തുടക്കത്തിൽ പ്രതി ദിനം 20 ലക്ഷം പേരെങ്കിലും ആപ്പ് ഉപയോഗിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. എത്ര പേർ ഉപയോഗിച്ചാലും ഹാങ്ങാകാത്ത വിധമാണ് രൂപ കല്പന. വിവിധ തലങ്ങളിലുള്ള പരിശോധനകൾ പൂർത്തിയാക്കി ഷോപ്പ് തുറക്കുന്ന ദിവസം മുതൽ കൃത്യമായി ലഭിക്കത്തക്ക വിധം ആപ്പിന്റെ ലോഞ്ചിംഗ് അന്തിമ ഘട്ടത്തിലാണ്. ചെറിയ പാളിച്ചയുണ്ടായാൽ തുറന്ന ഷോപ്പുകൾ അടക്കേണ്ടി വരുമെന്നതിനാലാണ് വിവിധ തലങ്ങളിലുള്ള പരിശോധനകൾ നടക്കുന്നത്.
ഗൂഗിൾ പ്ളേ സ്റ്റോറിൽ സുരക്ഷ ക്രമീകരണങ്ങളാൽ ആപ്പ് നിരസിച്ചെന്നത് വാസ്തവ വിരുദ്ധമാണെന്നും കമ്പനി പറയുന്നു. തൊട്ടടുത്ത ദിവസം ആപ്പെത്തുമെന്നുമാണ് കമ്പനിയുടെ കുറിപ്പ്. തിങ്കളാഴ്ച മുതൽ ഷോപ്പുകൾ തുറക്കുന്ന വിധമാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇന്നലെ ബാറുകൾക്കുള്ള ഇന്റന്റിംഗ് പൂർത്തിയാക്കി വെയർ ഹൗസുകളിൽ നിന്നും പുതിയ സ്റ്റോക്ക് നല്കി. ബെവ്ക്കോ, കൺസ്യൂമർ ഫെഡ് ഷോപ്പുകൾക്ക് ഇന്ന് മുതൽ പുതിയ സ്റ്റോക്ക് നല്കും.