കൊച്ചി: നഗരത്തിൽ ക്വാറന്റെെൻ ലംഘിച്ച 91 പേർക്കെതിരെ പൊലീസ് കേസെടുത്തു. 11 പേരെ ഹോം ക്വാറന്റെെനിൽ നിന്ന് സർക്കാർ ക്വാറന്റെെനിലേക്ക് മാറ്റി. ക്വാറന്റെെൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.

സാമൂഹിക അകലം പാലിക്കാതെ ബസുകളിൽ യാത്രക്കാരെ കുത്തിനിറച്ചു കൊണ്ടുപോയതിന് എട്ട് ബസ് ജീവനക്കാർക്കെതിരെയും കേസെടുത്തു. ഇവരെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടു. പാലാരിവട്ടം, സൗത്ത്, മരട്, ഉദയംപേരൂർ, ഹിൽപാലസ് പൊലീസ് സ്‌റ്റേഷനുകളിലാണ് കേസ്.

നഗരത്തിൽ നിലവിൽ 1269 വീടുകളിലായി 2104 പേർ നിരീക്ഷണത്തിലുണ്ട്. അതത് പൊലീസ് സ്‌റ്റേഷനിലെ ഹൗസ് ഓഫീസർമാർ ക്യത്യമായ ഇടവേളകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ആശയവിനിമയം നടത്തും. അതിനൊപ്പം പട്രോളിംഗ് സംഘങ്ങളും എത്തും.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് രാജധാനി, ജലന്ധർ എക്‌സ്പ്രസ്, ഡൽഹി ശ്രമിക് ട്രെയിനുകളിലായി 905 പേർ ഇന്നലെ എറണാകുളത്തെത്തി. ഇവരെയെല്ലാം വീടുകളിൽ നിരീക്ഷണത്തിലാക്കി.