കൊച്ചി: തൊഴിൽ നിയമങ്ങൾ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ജില്ലയിലെ 447 കേന്ദ്രങ്ങളിൽ തൊഴിലാളികൾ പ്രതിഷേധിച്ചു. ഹൈക്കോടതി, റിസർവ്ബാങ്ക്, നേവൽബേസ്, സെൻട്രൽ ലേബർ ഓഫീസ്, കേന്ദ്ര സർക്കാർ ഓഫീസുകൾ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മുന്നിൽ സമരം നടന്നു. സാമൂഹ്യഅകലം പാലിച്ച് അഞ്ചുപേർ മാത്രമാണ് ഓരോ കേന്ദ്രങ്ങളിലും സമരത്തിൽ പങ്കെടുത്തത്. ചില കേന്ദ്രങ്ങളിൽ സമരക്കാരെ അറസ്റ്റുചെയ്ത പൊലീസ് നടപടിക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതി പ്രതിഷേധിച്ചു.
റിസർവ് ബാങ്കിനു മുന്നിലെ സമരം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷനായി. സി.കെ. മണിശങ്കർ, കെ.കെ. അഷറഫ്, രഘുനാഥ് പനവേലി എന്നിവർ സംസാരിച്ചു. കളമശേരിയിലെ സമരം സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു.