കൊച്ചി: ലോക്ക് ഡൗണിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടിരുന്ന കാലത്ത് റീഡിംഗ് ഇല്ലാതെ നൽകിയ വൈദ്യുതിബിൽ പിൻവലിക്കണമെന്ന ആവശ്യം പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് വൈദ്യുതിബോർഡ് സെക്രട്ടറിക്ക് നിർദേശം നൽകി. മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.

വാടകകെട്ടിടങ്ങളിലാണ് കൂടുതൽ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. റീഡിംഗ് ഇല്ലാതെ നൽകിയ ബിൽ പഴയതിന്റെ ഇരട്ടിയാണെന്ന് മനുഷ്യവകാശ പ്രവർത്തകനായ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിൽ പറയുന്നു. സ്ഥാപനങ്ങൾ പ്രവർത്തിക്കാതിരുന്നിട്ടും അധികബിൽ എങ്ങനെ വന്നുവെന്നതിനെക്കുറിച്ച് ബോർഡിന് മറുപടിയില്ല. തുക അടച്ചവർക്ക് അത് തിരികെ നൽകണമെന്നാണ് ആവശ്യം. അടച്ചിരുന്ന കാലത്ത് സ്ഥാപനങ്ങൾക്ക് വാടകഇളവ് നൽകണമെന്നാണ് സർക്കാർ നിലപാടെന്ന് പരാതിക്കാരൻ പറഞ്ഞു. കൊവിഡ് കാലത്തെ മനുഷ്യത്വരഹിതമായ നീക്കത്തിൽ നിന്ന് ബോർഡ് പിൻമാറണമെന്നാണ് ആവശ്യം.