കൊച്ചി: മനോനിലതെറ്റിയ ആളുടെ പെട്രോൾ ബോംബേറിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. എഴുപുന്ന കൊത്തേക്കാട്ട് വീട്ടിൽ രഘുവരൻനായരുടെ മകൻ ആർ.കെ. റെജിൻദാസാണ് (34) ഇന്നലെ രാവിലെ മരിച്ചത്.
ബുധനാഴ്ച വടുതലയിലാണ് സംഭവം അരങ്ങേറിയത്. ഷൺമുഖപുരത്ത് തട്ടുകടയിൽ എത്തിയതായിരുന്നു ലൂർദ് ആശുപത്രിയിലെ ജീവനക്കാരനായ റെജിൻ. ഇതിനിടെയാണ് ഫിലിപ്പ് എന്ന ഓട്ടോഡ്രൈവർ തട്ടുകട നടത്തുന്ന പങ്കജാക്ഷനെ ലക്ഷ്യമാക്കി പെട്രോൾ ബോംബെറിയുന്നത്. തട്ടുകടയിലെ ഗ്യാസ് സ്റ്റൗവിലേക്ക് തീപടരുകയും ഇത് റെജിന്റെ ദേഹത്തേക്ക് ആളിപ്പടരുകയും ചെയ്തു. 75 ശതമാനം പൊള്ളലേറ്റ റെജിൻ ലൂർദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു
ഫിലിപ്പ് സംഭവത്തിന് ശേഷം മറ്റൊരിടത്തെത്തി സെക്യൂരിറ്റി ജീവനക്കാരന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് അയൽവക്കത്തെ വീട്ടിലും ഇയാൾ ആക്രമണം നടത്താനെത്തിയിരുന്നു. ഇതും പരാജയപ്പെട്ടതോടെ വടുതല കർഷക റോഡിലെത്തി ഓട്ടോറിക്ഷയിലും ദേഹത്തും പെട്രോൾ ഒഴിച്ചശേഷം തീകൊളുത്തി ആത്മഹത്യ ചെയ്തു. അയൽവാസിയായ പങ്കജാക്ഷനോട് ഫിലിപ്പിനുണ്ടായ വൈരാഗ്യമാണ് ഒന്നുമറിയാത്ത റെജിൻദാസിന്റെ മരണത്തിന് വഴിവെച്ചത്. ലൂർദ് ആശുപത്രിക്ക് സമീപത്ത് വാടകയ്ക്ക് താമസിക്കുകയാണ് റെജിൻ. ലൂർദ് ആശുപത്രിയിൽ അക്കൗണ്ടന്റ് അസിസ്റ്റന്റാണ്. ഭാര്യയും ഇതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്.
ഫിലിപ്പ് മൂന്ന് മാസമായി ലൂർദ് ആശുപത്രിയിൽ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും കഴിഞ്ഞ ദിവസങ്ങളിൽ അസ്വസ്ഥത കാട്ടിയിരുന്നതായും ഭാര്യ എറണാകുളം നോർത്ത് പൊലീസിന് മൊഴി നൽകി. റെജിന്റെ ഭാര്യ: ആതിര. മാതാവ്: വിജയമ്മ. സംസ്‌കാരം നടത്തി.