കോലഞ്ചേരി: കാലവർഷം കലി തുള്ളാൻ കാത്തു നില്ക്കുമ്പോൾ കപ്പ കർഷകരുടെ നെഞ്ചകത്ത് തീയാണ്. ജില്ലയിലെ കിഴക്കൻ മേഖലയിലെ കപ്പ കർഷകരാണ് പ്രതിസന്ധിയിലായത്.
നൂറുകണക്കിന് ഏക്കർ സ്ഥലത്തെ കപ്പ കൃഷി വിളവെടുക്കാറായപ്പോഴാണ് ലോക്ക് ഡൗൺ വന്നത്. നേരിട്ട് കുറച്ചൊക്കെ വില്പന നടത്തിയെങ്കിലും വില്ക്കാത്ത കപ്പ
നാശത്തിന്റെ വക്കിലാണ്.
പെരുവംമൂഴി, കടമറ്റം, കടാതി, മേക്കടമ്പ്, ഊരമന, കായനാട്, കൂത്താട്ടുകുളം, പിറവം, മുവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഭൂരിഭാഗം കർഷകർക്കും വിളവെടുപ്പ് നടത്താനായിട്ടില്ല.
ഈരാറ്റുപേട്ട, പാല, മൂന്നാർ, ഇടുക്കി എന്നിവിടങ്ങളിലെ വ്യാപാരികളാണ് ഇവിടങ്ങളിലെ കപ്പ മൊത്തമായി വാങ്ങി വിറ്റഴിച്ചിരുന്നത്. കൊവിഡ് പ്രതിരോധത്തെ തുടർന്ന് ജില്ല കടന്ന് ഇവർ എത്താത്തത്തിനാൽ ചെറുകിട കർഷകർ ചില്ലറ വിലക്ക് കപ്പ വാങ്ങി വഴിയോരങ്ങളിൽ വിറ്റഴിക്കുകയാണ്.
കഴിഞ്ഞ സീസണിൽ കിലോക്ക് 30 രൂപ വരെ ലഭിച്ച കപ്പ ഇപ്പോൾ ഉപഭോക്താക്കൾ നിശ്ചയിക്കുന്ന വിലക്കാണ് വിറ്റഴിക്കപ്പെടുന്നത്. വിളവെടുപ്പിന്റെ പരുവം കഴിഞ്ഞ കപ്പ എങ്ങനെയും വിറ്റഴിച്ച് തങ്ങളുടെ മുതൽ മുടക്കിന്റെ പാതിയെങ്കിലും കൈക്കലാക്കാനുള്ള നെട്ടോട്ടത്തിലാണ് കർഷകർ.
ഒരേക്കറിൽ 40000 ത്തിനു മുകളിലാണ് കൃഷിച്ചെലവ്. മുടക്കുമുതൽ പോലും കിട്ടാതെ തുച്ഛമായ വിലക്ക് എങ്ങനെയും കപ്പ വിറ്റ് തീർക്കേണ്ട ഗതികേടിലാണ് കർഷകർ.
വൻതോതിൽ കൃഷിയിറക്കിയിട്ടുള്ളവർ ആകെ ആശങ്കയിലാണ്. കഴിഞ്ഞ വർഷം ലഭിച്ച മികച്ച ലാഭമാണ് കൂടുതൽ കർഷകരെ കപ്പ കൃഷിയിലേക്ക് ആകർഷിച്ചത്.
വൻവില നൽകിയാണ് കമ്പ്, വിത്ത്, രാസ വളം എന്നിവ വാങ്ങി. നിർദ്ധനരായ കർഷകർക്ക് കൃഷി ചെയ്യാൻ മുൻകൂറായി പണം നൽകിയ മൊത്തവ്യാപാരികൾ പോലും ഇത് തിരികെ വാങ്ങാതെ പിൻ വാങ്ങുന്ന അവസ്ഥയാണ്.
ബാങ്ക് ലോണും, കൈ വായ്പകളും, ഭാര്യയുടെ കെട്ടു താലി വരെ പണയം വച്ചാണ് എട്ട് ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കപ്പ കൃഷി തുടങ്ങിയത്. പകുതി ഭാഗത്തെ കപ്പ കിട്ടിയ വിലയ്ക്ക് വിറ്റു തീർത്തു. മഴ തുടങ്ങിയാൽ വെള്ളം കയറി നശിക്കും. വാങ്ങാനാളില്ല. ലക്ഷങ്ങളുടെ നഷ്ടമാണുള്ളത്.
പ്രഭാകരൻ, കപ്പ കർഷകൻ, പെരുവുംമൂഴി, കോലഞ്ചേരി