കൊച്ചി : മഴക്കാലം അടുത്തെത്തി, നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭ ചെയ്യേണ്ട ജോലികൾ വേഗം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദ്ദേശിക്കണമെന്ന് സർക്കാരും നഗരസഭയുടെ പ്രവൃത്തികളിൽ ഉത്കണ്ഠയുണ്ടെന്ന് അമിക്കസ്‌ക്യൂറിയും ഹൈക്കോടതിയിൽ ബോധിപ്പിച്ചു. പേരണ്ടൂർ കനാലിലെ തടസംനീക്കി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന ഹർജി പരിഗണിച്ചപ്പോഴാണ് ജില്ലാ കളക്ടർക്കുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറിയും ഇക്കാര്യങ്ങൾ പറഞ്ഞത്. ഇൗ വിശദീകരണങ്ങൾ കൂടി കണക്കിലെടുത്താണ് പേരണ്ടൂർ കനാലിലെ ചെളിനീക്കം വേഗത്തിലാക്കാനും കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടിയെടുക്കാനും കഴിഞ്ഞദിവസം ഹൈക്കോടതി നിർദേശം നൽകിയത്.

സർക്കാർ പറഞ്ഞത്

 നഗരത്തിലെ കാനകളും പേരണ്ടൂർ കനാലും ശുചീകരിക്കേണ്ടത് കൊച്ചി നഗരസഭയാണ്.

 ഇതു ചെയ്യാതിരുന്നാൽ ഒാപ്പറേഷൻ ബ്രേക്ക്ത്രൂവിന്റെ ഭാഗമായി സ്വീകരിച്ച നടപടികൾ വിഫലമാകും.

 എത്രയുംവേഗം കാനകളും പേരണ്ടൂർ കനാലും വൃത്തിയാക്കാൻ നിർദേശിക്കണം.

 ജില്ലാ ഭരണകൂടം ഏറ്റെടുത്ത ആദ്യഘട്ടത്തിലെ 35 ജോലികൾ പൂർത്തിയാകുന്നു.

 രണ്ടാംഘട്ടത്തിലെ 17 ജോലികൾ മേയ് അവസാനത്തോടെ പൂർത്തിയാക്കും.

അമിക്കസ് ക്യൂറി പറഞ്ഞത്

 ജില്ലാ ഭരണകൂടത്തിന്റെ പ്രവൃത്തികളിൽ തൃപ്തിയുണ്ട്.

 വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നഗരസഭയുടെ ജോലികളിൽ ഉത്കണ്ഠയുണ്ട്.

 നഗരസഭയുടെ പേരണ്ടൂർ കനാൽ ശുചീകരണത്തിൽ ദൈനംദിന നിരീക്ഷണം വേണം.

 അല്ലാത്തപക്ഷം ഇതുവരെ സ്വീകരിച്ച നടപടികൾ വ്യർത്ഥമാകും.