കൊച്ചി: പരീക്ഷയ്ക്ക് പഠിക്കുന്ന വിദ്യാർത്ഥികളേക്കാൾ ടെൻഷനിലാണ് സ്കൂളുകൾ ഇത്തവണ. കൊവിഡ് ഭീഷണിയ്ക്കിടെ തടസമില്ലാതെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ നടത്താനായി ജില്ലയിലെ വിദ്യാലയങ്ങളിൽ ഒരുക്കം തകൃതി. ബഞ്ചുകളും ഡസ്കുകളും പൊതുഇടങ്ങളും ഫയർഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കുന്ന ജോലികൾ തീരാറായി.മോണിറ്ററിംഗ് ടീം സ്കൂളുകൾ സജ്ജമാണോയെന്ന പരിശോധനയും നടത്തുന്നുണ്ട്.

ജില്ലയിലെ 320 സെന്ററുകളിലായി 31, 724 കുട്ടികളാണ് പത്താംക്ളാസ് പരീക്ഷ എഴുതുന്നത്. മേയ് 26ന് പരീക്ഷ ആരംഭിക്കും

കെ.എസ്.ആർ.ടി.സിയെ വിളിക്കാം

സ്കൂളുകളിലേക്ക് എത്താനായി സ്കൂൾ ബസും പി.ടി.എയുടെ നേതൃത്വത്തിൽ സജ്ജമാക്കുന്ന വാഹനങ്ങളും പൊതുഗതാഗത സൗകര്യവും ഉപയോഗിക്കപ്പെടുത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. ഓരോ വിദ്യാർത്ഥിക്കും സ്കൂളിൽ എത്താനുള്ള വാഹന സൗകര്യമുണ്ടോ എന്ന് സ്കൂൾ അധികൃതർ അന്വേഷിച്ച് ഉറപ്പു വരുത്തണം. സ്വന്തമായി വാഹനസൗകര്യമില്ലാത്ത സ്കൂളുകൾക്ക് കെ.എസ്.ആർ.ടി.സി ബസ് സൗകര്യം ആവശ്യമെങ്കിൽ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അപേക്ഷ സമർപ്പിച്ചാൽ മതി.‌ ഇതുവരെ പ്രത്യേക ആവശ്യങ്ങളുമായി സ്കൂളുകൾ ബന്ധപ്പെട്ടിട്ടില്ലെന്ന് ഡെപ്യൂട്ടി ഡയക്ടറേറ്റ് വൃത്തങ്ങൾ പറയുന്നു.

പരീക്ഷയ്ക്കായി എത്തുന്ന വിദ്യാർത്ഥികൾക്കും മേൽനോട്ടം നിർവഹിക്കുന്ന അദ്ധ്യാപകർക്കായി മാസ്കും സാനിറ്റൈസറും വിദ്യാലയങ്ങൾ നൽകും.

ഓരോ സെന്ററുകളിലേക്കും ആവശ്യമായ തെർമൽ സ്കാനറുകളും ഒരുക്കിയിട്ടുണ്ട്.

സ്കൂളിന്റെ പ്രധാന കവാടത്തിൽ ശരീരോഷ്മാവ് പരിശോധിച്ച ശേഷം വിദ്യാർത്ഥികൾക്ക് മാസ്കും സാനിറ്റൈസറും നൽകിയാണ് അകത്തേക്ക് കടത്തുക.

പരീക്ഷയ്ക്ക് ഒരുമണിക്കൂർ മുമ്പ് സ്കൂളിൽ എത്താനാണ് നിർദ്ദേശം.

ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ

പരീക്ഷാദിനങ്ങളിൽ രാവിലെയും ഉച്ചയ്ക്കും ഹാളിലെ ഫർണിച്ചർ അണുവിമുക്തമാക്കണം

പ്രധാന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കാവൂ

ഒരു മുറിയിൽ പരമാവധി 20 വിദ്യാർത്ഥികൾ മാത്രം

പരീക്ഷയ്ക്ക് മുമ്പും ശേഷവും വിദ്യാർത്ഥികൾ കൂട്ടം ചേരരുത്

''ഓരോ കുട്ടികളെയും വിളിച്ച് സൗകര്യങ്ങളെ കുറിച്ച് ഉറപ്പു വരുത്തിയിട്ടുണ്ട്. 28 വിദ്യാർത്ഥികൾക്കായി രണ്ട് ക്ളാസ് മുറികളാണ് സജ്ജമാക്കിയിട്ടുള്ളത്. 12 മണി മുതൽ കുട്ടികളെ സ്കൂളിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങും ''

റാണി

ടീച്ചർ-ഇൻ-ചാർജ്ജ്

എസ്.ആർ.വി ഗവ. ഹൈസ്കൂൾ