കൊച്ചി : എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതികളായ സുഭാഷ് വാസുവും സുരേഷ്ബാബുവും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇവരുടെ അപേക്ഷ കഴിഞ്ഞദിവസം ആലപ്പുഴ സെഷൻസ് കോടതി തള്ളിയിരുന്നു.

പ്രതികൾ ഭാരവാഹികളായിരിക്കെ മാവേലിക്കര യൂണിയനിലെ മൈക്രോഫിനാൻസ്, പ്രീ മാര്യേജ് കൗൺസലിംഗ്, സാമൂഹ്യക്ഷേമ പദ്ധതികൾ തുടങ്ങിയവയിൽ നിന്ന് 11,00, 65,809 രൂപ തട്ടിയെടുത്തെന്നാണ് കേസ്. നിരപരാധികളാണെന്നും തങ്ങളെ ദ്രോഹിക്കാനും പൊതുസമൂഹത്തിനു മുന്നിൽ അപമാനിക്കുന്നതിനുമായി കെട്ടിച്ചമച്ച കേസാണിതെന്നും ഹർജിയിൽ പറയുന്നു.

മാവേലിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ ഇവർ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. സുഭാഷ് വാസുവിനെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെങ്കിൽ ക്രിമിനൽ നടപടി ചട്ടപ്രകാരം മുൻകൂർ നോട്ടീസ് നൽകി വേണമെന്നും ഇൗ ഹർജിയിൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് മാർച്ച് 17ന് ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടീസ് നൽകിയെങ്കിലും ഹാജരാകാൻ കഴിഞ്ഞില്ലെന്നും നിലവിലെ സാഹചര്യത്തിൽ അറസ്റ്റ് അനിവാര്യമല്ലെന്നും ഏതു തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കാമെന്നും ഹർജിയിൽ പറയുന്നു. മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിച്ചേക്കും.